ഖത്തറിൽ അറസ്റ്റിലായ മലയാളികൾ അടക്കം എല്ലാ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും മോചിതരായി. നാട്ടിലേക്ക് മടങ്ങാമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ ഇടപെടൽ നിർണായകമായി.
ദോഹ: ഇറാനിൽ നിന്നും മൽസ്യബന്ധനത്തിനായി പുറപ്പെട്ട് ജലാതിർത്തി ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 25 ന് ഖത്തറിൽ അറസ്റ്റിലായ 4 മലയാളികളും 20 തമിഴ്‌നാട് സ്വദേശികളും അടങ്ങിയ ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്ക് പൂർണ്ണ മോചനം. നാട്ടിലേക്ക് മടങ്ങാവുന്ന വിധം എല്ലാ നിയമനടപടികളിൽ നിന്നും മോചിതരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ നിർണായകമായെന്നും കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
മാർച്ച് 22 ന് അസിൻ, യാക്കൂബ് എന്നീ പേരുള്ള രണ്ട് ബോട്ടുകളിലായി ഇറാനിൽ നിന്ന് പുറപ്പെട്ട മൽസ്യത്തൊഴിലാളികളുടെ അറസ്റ്റിനെ തുടർന്ന് ഇവരെ വിട്ടുകിട്ടാൻ ബന്ധുക്കളും ഇന്റർനാഷണൽ ഫിഷർമെൻ ഡെവലപ്മെന്റ് ട്രസ്റ്റ് എന്ന സംഘടനയും രംഗത്ത് വന്നിരുന്നു. നേരത്തെ മെയ് 26 ന് അസിൻ ബോട്ടിന്റെ ക്യാപ്റ്റൻ ഒഴികെ ബോട്ടിൽ ഉണ്ടായിരുന്ന 4 മലയാളികൾ അടക്കം ബാക്കി 9 പേരെയും കോടതി ജയിൽ മോചിതരാക്കിയിരുന്നു.
“24 മത്സ്യതൊഴിലാളികളെയും രക്ഷിക്കണമെന്ന സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയവും, നോർക്ക റൂട്ട്സുമായി അടിയന്തിരമായി ബന്ധപ്പെടുകയും അവരെ സുരക്ഷിതരാക്കി അവർ ജോലി ചെയ്തിരുന്ന ഇറാനിലേയ്ക്ക് പോകുവാൻ സൗകര്യമൊരുക്കുകയും ചെയ്തു. നിയമ നടപടികളിൽ നിന്നും ഒഴിവായതിനാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിന് മറ്റ് തടസങ്ങളില്ല. ഫ്ലൈറ്റ് സർവ്വീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഇവർക്ക് നാട്ടിൽ തിരിച്ചെത്തുന്നതിനായി ഇടപെടൽ നടത്താനും ക്രമീകരണം ചെയ്തിട്ടുണ്ട്,” സജി ചെറിയാൻ ഫേസ്‌ബുക്കിൽ അറിയിച്ചു.
തിരുവനന്തപുരം അടിമന്തുറ സ്വദേശി എസ് മൈക്കിള്‍ (33), പൂവാര്‍ സ്വദേശി സി സെബാസ്റ്റ്യന്‍ (20), കൊല്ലം മൂത്തകര സ്വദേശി ക്ലീറ്റസ് ലോപ്പസ് (42), പള്ളിത്തോട്ടം സ്വദേശി എസ് അനില്‍ ജോസഫ് (42) എന്നിവരാണ് അറസ്റ്റിലായ മലയാളികൾ.
നേരത്തെ ഇവരെ വിട്ടുകിട്ടണം എന്നാവർത്തിച്ച് കേന്ദ്രസർക്കാരും വിദേശകാര്യ മന്ത്രാലയവും ഖത്തർ എംബസിയിൽ സമ്മർദ്ധം ചെലുത്തിയിരുന്നു. കേന്ദ്രത്തിന്റെ വേഗത്തിലുള്ള ഇടപെടൽ ആവശ്യപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കത്തയച്ചിരുന്നു.
സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
https://www.facebook.com/288890577952060/posts/2065277136980053/?app=fbl