Qatar

രണ്ടാം ഘട്ടത്തിൽ വാക്സീൻ എടുക്കാത്തവർക്കും കുട്ടികൾക്കും ഇളവുകൾ. വെള്ളിയാഴ്ച്ച മുതൽ വിവാഹമാകാം. ഓഫീസിൽ വാക്സീൻ ഇല്ലാത്തവർക്ക് ആഴ്ച്ച തോറും ടെസ്റ്റ്.

ദോഹ: ഖത്തറിൽ ജൂണ് 18 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന കോവിഡ് രണ്ടാംഘട്ട ലഘൂകരണങ്ങൾ ഇന്ന് പ്രഖ്യാപിച്ചതോടെ ഇളവുകൾ നിശ്ചിതശതമാനം വാക്സീൻ എടുക്കാത്തവർക്കും കുട്ടികൾക്കും കൂടി ലഭ്യമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

വാക്സീൻ എടുക്കാത്തവർക്ക്:

ഓഫീസ് മീറ്റിങ്ങുകളിൽ ആകെ പങ്കെടുക്കാവുന്ന 15 പേരിൽ വാക്സീൻ എടുക്കാത്ത 5 പേരെ വരെ അനുവദിക്കാം. പൊതു-സ്വകാര്യ ഓഫീസുകളുടെ പ്രവർത്തന ശേഷി 80 ശതമാനമായി  വർദ്ധിപ്പിച്ചിട്ടുണ്ട്. വാക്സീൻ എടുക്കാത്ത പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്ച്ച തോറും റാപ്പിഡ് കോവിഡ് ടെസ്റ്റുകൾ നടത്തണം.

വാക്സീൻ എടുക്കാത്ത 10 പേർക്ക് വരെ ഔട്ട്ഡോർ കൂട്ടങ്ങളിൽ പങ്കുചേരാൻ അനുവാദമുണ്ട്. ഇൻഡോറിൽ ഇത് 5 പേർക്ക് മാത്രമാണ്. ബീച്ചുകളുടെയും പാർക്കുകളുടെയും അനുവദനീയ പരിധി 30 ൽ നിന്ന് 40% ആയി ഉയർത്തിയിട്ടുണ്ട്.

വിവാഹ ചടങ്ങുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, സിനിമ തിയേറ്ററുകൾ, കായിക മത്സരങ്ങൾ മുതയാവയിൽ ഇനി മുതൽ നിശ്ചിത ശതമാനം വാക്സീൻ എടുക്കാത്തവരെയും പ്രവേശിപ്പിക്കും. അനുവദിക്കപ്പെട്ട ശേഷിയുടെ 75% ആളുകളും വാക്സീൻ എടുത്തവർ ആയിരിക്കുമ്പോൾ, വാക്സീൻ എടുക്കാത്ത 25%ന് കൂടി പ്രവേശന അനുമതി നൽകുന്നതാണ് പുതിയ ലഘൂകരണം. ബോട്ടുകൾ ടൂറിസ്റ്റ് വള്ളങ്ങൾ മുതലായവായിൽ 50% വരെ ആളുകളെ പ്രവേശിപ്പിക്കുമ്പോൾ വാക്സീൻ എടുത്ത 15 പേർക്കൊപ്പം എടുക്കാത്ത 3 പേർക്ക് കൂടി അനുമതിയുണ്ട്.

അതേ സമയം ബാർബർ ഷോപ്പ്, വാട്ടർപാർക്ക്, സ്വിമ്മിംഗ് പൂൾ, മസാജ് സർവീസ്, ജിമ്മുകൾ, ഹെൽത്ത് ക്ലബുകൾ മുതലായവയിൽ വാക്സീൻ എടുക്കാത്തവർക്ക് പ്രവേശന നിരോധനം തുടരും.

കുട്ടികൾക്ക്:

ഷോപ്പിംഗ് മാളുകളിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൂടി പ്രവേശിക്കാം എന്നതാണ് പ്രധാന ഇളവ്. ഒപ്പം മസ്ജിദുകളിൽ 7 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വരെ പ്രാർത്ഥനക്കെത്താം. 

മാളുകളിലെ അനുവദനീയ പരിധി 50% ആയി ഉയർത്തിയിട്ടുണ്ട്. ഒപ്പം ഇവിടങ്ങളിലെ ഭക്ഷ്യശാലകൾക്ക് 30 ശതമാനം ശേഷിയിൽ തുറക്കാനും ഈ ഘട്ടത്തിൽ അനുമതി നൽകിയിട്ടുണ്ട്. മാളുകളിലെ പ്രയർ ഹാളുകൾക്കും ശൗചാലയങ്ങൾക്കും തുറക്കാൻ അനുമതിയുണ്ട്.

വിവാഹചടങ്ങുകളിൽ 40 പേർ വരെ

പൂർണ നിരോധനം ഉണ്ടായിരുന്ന വിവാഹ ചടങുകൾക്ക് 40 പേരെ അനുവദിച്ചു കൊണ്ടുള്ളതാണ് രണ്ടാം ഘട്ടത്തിലെ പ്രധാന ഇളവ്. വെഡിംഗ് ഹാളുകളിലോ ഹോട്ടലുകളിലോ ചടങ്ങുകൾ നടത്താം. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവരിൽ 75% പേർ എങ്കിലും വാക്സീൻ 2 ഡോസ് എടുത്തവർ ആയിരിക്കണം. അതായത് 40 പേർ പങ്കെടുക്കുന്നെങ്കിൽ 30 പേരെങ്കിലും വാക്സീൻ എടുത്തവർ ആയിരിക്കണം. പ്രത്യേക അനുമതി ലഭിക്കുകയാണെങ്കിൽ 30 ശതമാനം ശേഷിയോടെ പൊതുചടങ്ങുകൾക്കും എക്സിബിഷനുകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ഓർക്കുക, പൊതുസ്ഥലത്തെ (ഒറ്റയ്ക്കോ വീട്ടുകാരുമായോ സ്വകാര്യ വാഹനത്തിനുള്ളിലൊഴികെ) മാസ്‌ക് ഉപയോഗത്തിനും, ഇഹ്തിരാസ് ആപ്പ് ഉപയോഗത്തിനും ഒരു ഇളവുമില്ല.

രണ്ടാംഘട്ട കോവിഡ് ഇളവുകളും നിയന്ത്രണങ്ങളും പൂർണമായും ഇവിടെ അറിയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button