അൽ ഷമാൽ റോഡിലും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടൽ
അൽ ഗരാഫ (ഇമിഗ്രേഷൻ) ഇന്റർചേഞ്ചിനും ദുഹൈൽ ഇന്റർചേഞ്ചിനുമിടയിൽ വടക്ക് ഭാഗത്തുള്ള അൽ ഷമാൽ റോഡിൽ രണ്ടാഴ്‌ച്ചക്കാലയളവിൽ, പുലർച്ചെ 1 മുതൽ 5 മണി വരെ, നാല് മണിക്കൂർ വീതം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഉം ലെഖ്ബ ഇന്റർചേഞ്ചിനും അൽ ഗരാഫ ഇന്റർചേഞ്ചിനുമിടയിൽ ദോഹയിലേക്കുള്ള അൽ ഷമാൽ റോഡ് അടച്ചിടുന്നതിന് പുറമേയാണിത്. അടച്ചിടൽ ഇന്ന് (നവംബർ 11) വ്യാഴാഴ്ച ആരംഭിച്ച് നവംബർ 25 വരെ തുടരും.
അടച്ചിടൽ ദിവസങ്ങളിൽ, വടക്കോട്ട് പോകുന്ന ഡ്രൈവർമാർക്ക് അൽ ഗരാഫ ഇന്റർചേഞ്ചിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഖലീഫ സ്ട്രീറ്റിലേക്കും തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് ജാസിം ബിൻ ഹമദ് സ്ട്രീറ്റ് വഴി അൽ ഖഫ്ജി സ്ട്രീറ്റിലേക്കും, ശേഷം ജെലായ ഇന്റർസെക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ദുഹൈൽ ഇന്റർചേഞ്ചിലേക്കും അൽ ഷമാൽ റോഡിലേക്കും പോകാമെന്ന് അഷ്ഗാൽ നിർദ്ദേശിച്ചു.
ദോഹയിലേക്ക് പോകുന്ന റോഡ് യാത്രക്കാർ ദുഹൈൽ ഇന്റർചേഞ്ചിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് അൽ ഗരാഫ് സ്ട്രീറ്റിലേക്കും ഖലീഫ സ്ട്രീറ്റിലേക്കും പോകാം. ഉമ്മ് ലേഖ്ബ ഇന്റർചേഞ്ചിൽ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലേക്കും അൽ മർഖിയ സ്ട്രീറ്റിലേക്കും പോകുന്ന യാത്രക്കാർക്ക് ഗതാഗതം തുറന്നു തന്നെയിരിക്കുമെന്നും അഷ്‌ഗാൽ അറിയിച്ചു.