ഡിസ്കവർ ഖത്തറിൽ ബുക്കിംഗ് ലഭ്യമല്ല, തിരിച്ചുവരാനിരിക്കുന്ന പ്രവാസികൾക്ക് കുടുക്ക്
ദോഹ: ഖത്തറിലേക്ക് തിരിച്ചു വരാനിരിക്കുന്ന പ്രവാസികളെ കുഴക്കി ഡിസ്കവർ ഖത്തറിൽ ഹോട്ടൽ മുറികളുടെ അഭാവം. സ്കൂൾ അവധിയായതിനാൽ നാട്ടിൽ പോയ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ക്വാറന്റീൻ ബുക്കിംഗിലെ അമിതമായ തിരക്ക് കുടുക്കിയിരിക്കുന്നത്. ഖത്തറിലെത്തുന്ന ഇന്ത്യക്കാർക്ക് രണ്ട് തരം ക്വാറന്റീൻ ആണ് നിലവിലുള്ളത്. ഖത്തറിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്കുള്ള 2 ദിന ക്വാറന്റീനും മറ്റുള്ളവർക്കുള്ള 10 ദിന ക്വാറന്റീനും. ആഗസ്റ്റ് 21 വരെ ഈ രണ്ട് വിഭാഗം ബുക്കിംഗും ഡിസ്കവർ ഖത്തർ വെബ്സൈറ്റിൽ ഫുൾ ആയിരിക്കുന്നതാണ് നൂറുകണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആഗസ്റ്റ് 2 മുതൽ നിലവിൽ വന്ന ഖത്തർ ട്രാവൽ നയത്തിലെ ഭേദഗതി പ്രകാരം, യാത്രക്കാർക്ക് ക്വാറന്റീൻ ബുക്കിംഗ് ഇല്ലാതെ ഖത്തറിലേക്ക് വരാനാവില്ല.
അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പല പ്രവാസികളും ഖത്തറിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ ആകയാൽ 2 ദിവസ ക്വാറന്റീൻ മതി. എന്നാൽ ആഗസ്ത് 21 വരെ ഇതും ലഭ്യമായില്ലെന്നാണ് വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. ഖത്തർ വഴി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുന്നവരും അവധിക്ക് ശേഷം തിരിച്ചെത്തുന്നവരുമെല്ലാം കൂടുമെന്നതിനാൽ ബുക്കിംഗ് പ്രതിസന്ധി തുടരുമെന്നാണ് കരുതപ്പെടുന്നത്.