ട്വിറ്ററിലെ ഖത്തർ വിരുദ്ധ ഹാഷ്ടാഗുകൾ, ആസൂത്രിതമെന്നു റിപ്പോർട്ട്
ഖത്തറിനെതിരെ ട്വിറ്ററിൽ ആസൂത്രിത ഹാഷ്ടാഗ് ക്യാമ്പയിനുകൾ നടക്കുന്നതായി റിപ്പോർട്ട്. സമീപമാസങ്ങളിൽ ട്വിറ്റർ ട്രെൻഡിംഗ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഖത്തർ വിരുദ്ധ ഹാഷ്ടാഗുകൾ, ആസൂത്രിതമായി ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ചും മറ്റും സൃഷ്ടിക്കപ്പെട്ടതും, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതുമാണെന്ന് ഖത്തറിലെ സ്വകാര്യ മാധ്യമം പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഖത്തറിലെ അധ്യാപകരുടെ അവകാശനിഷേധം, ഷിയാ അവകാശങ്ങൾ, ഖത്തർ പൗരന്മാരുടെയും അമീറിന്റെയും വ്യക്തിസ്വഭാവം തുടങ്ങിയ വിഷയങ്ങളെ സംബദ്ധിച്ചാണ് ട്വിറ്ററിൽ സമീപ മാസങ്ങളിൽ പ്രതിലോമകരമായ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഏറ്റവും ഒടുവിൽ ഷൂറ കൗണ്സിൽ തിരഞ്ഞെടുപ്പ് വിഷയത്തെ സംബന്ധിച്ചായിരുന്നു ഇത്.
അധ്യാപകരുടെ അവകാശനിഷേധവുമായി ബന്ധപ്പെട്ട് വന്ന 80% ട്വീറ്റുകളും വ്യാജ അക്കൗണ്ടുകളിൽ നിന്നായിരുന്നു എന്ന് റിപ്പോർട്ട് വിശദമാക്കുന്നു. ഒരൊറ്റ ട്വീറ്റിൽ മാത്രം ഉപയോഗിക്കപ്പെട്ട ഹാഷ്ടാഗുകൾക്ക് പോലും ട്രെൻഡിംഗ് ലിസ്റ്റിൽ കയറാൻ സാധിച്ചതായും 5000 ന് താഴെ മാത്രം ഫോളോവേഴ്സുള്ള പല സംശയാസ്പദ അക്കൗണ്ടുകളിൽ നിന്നുള്ള ട്വീറ്റുകൾ പോലും ഖത്തർ ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിലെത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു ലക്ഷത്തോളം ട്വീറ്റുകളെ ആധാരമാക്കിയ ഡാറ്റ റിപ്പോർട്ടിൽ, ആയിരക്കണക്കിന് ദുരൂഹ അക്കൗണ്ടുകളും ബോട്ടുകളുമാണ് പങ്കുകൊണ്ടതായി കണ്ടെത്തിയത്. നിശ്ചിത അക്കൗണ്ടുകളിൽ നിന്നുള്ള ട്വീറ്റുകൾ വ്യാപകമായി റീട്വീറ്റ് ചെയ്യാൻ പ്രോഗ്രാം ചെയ്യപ്പെടുന്നവയാണ് ബോട്ടുകൾ. പല ഹാഷ്ടാഗുകളും അനുചിതമായ സമയങ്ങളിൽ ട്വീറ്റ് ചെയ്യപ്പെട്ടവയാണ്.
ഈ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഹാഷ്ടാഗുകൾ എല്ലാം തന്നെ, ജനവികാരം ഖത്തർ സർക്കാരിനെതിരാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നവയായിരുന്നു. ഒക്ടോബറിലെ ഷൂറ കൗണ്സിൽ വോട്ടിംഗിലെ രാഷ്ട്രീയാഭിപ്രായ രൂപീകരണം അട്ടിമറിക്കാനുള്ളതാണ് പുതിയ നീക്കങ്ങൾ എന്നും കരുതപ്പെടുന്നു.
2017 ജൂണ് 5 ന് ആരംഭിച്ച ഖത്തർ ഉപരോധകാലത്ത് തന്നെ ശക്തമായ സൈബർ അറ്റാക്കിന് രാജ്യം വിധേയമായിരുന്നു. ഖത്തർ വിരുദ്ധമായി ദശലക്ഷകണക്കിന് ട്വീറ്റുകളാണ് അക്കാലയളവിൽ പ്രത്യക്ഷപ്പെട്ടത്. കൃത്യമായ സ്രോതസ്സുകൾ വ്യക്തമല്ലെങ്കിലും ഇതിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴുള്ള ഹാഷ്ടാഗ് മാനിപ്പുലേഷനും എന്നാണ് കരുതപ്പെടുന്നത്.