ചെങ്കടലിലെ സംഘർഷങ്ങൾ എൽഎൻജി കയറ്റുമതിയെ ബാധിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി
ചെങ്കടൽ പ്രതിസന്ധിയെ “നിലവിലെ ഏറ്റവും അപകടകരമായ സംഭവവികാസമെന്ന്”വിശേഷിപ്പിച്ച് ഖത്തർ പ്രധാനമന്ത്രി. ഇത് പശ്ചിമേഷ്യയെ മാത്രമല്ല, ആഗോള വ്യാപാരത്തെയും ബാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി, ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു.
ചെങ്കടലിലെ സംഘർഷങ്ങൾ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യെമനിലെ സൈനിക ആക്രമണം പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് മുന്നറിയിപ്പ് നൽകി.
ഫലസ്തീനിലെ ഇസ്രായേലിന്റെ യുദ്ധത്തിന് മറുപടിയായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിൽ ആക്രമണം നടത്തുകയും, തുടർന്ന് വെള്ളിയാഴ്ച യുഎസും ബ്രിട്ടീഷ് സേനയും യെമനിലുടനീളം നിരവധി കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ.
എൽഎൻജി വ്യാപാരത്തിന്റെ പ്രധാന പാതകളിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. “ബദൽ റൂട്ടുകളുണ്ട്. എന്നാൽ അവ നിലവിലെ റൂട്ടിനേക്കാൾ കാര്യക്ഷമമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സമുദ്രവ്യാപാരത്തിന്റെ 12 ശതമാനവും വഹിക്കുന്ന ഏഷ്യയ്ക്കും യൂറോപ്യൻ വിപണികൾക്കും ഇടയിലുള്ള പ്രധാന പാത ഉപയോഗിക്കുന്നതിനുപകരം, ചില ഷിപ്പിംഗ് കമ്പനികൾ ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റിത്തിരിഞ്ഞാണ് പോകുന്നത്.
ഖത്തറിന്റെ നേതൃത്വത്തിലുള്ള കുറഞ്ഞത് അഞ്ച് എൽഎൻജി കപ്പലുകളെങ്കിലും ചെങ്കടലിലേക്കുള്ള സഞ്ചാരം നിർത്തിയതായി ബ്ലൂംബെർഗ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
നിലവിലെ സംഭവവികാസങ്ങളിൽ, ഞായറാഴ്ച, അമേരിക്കൻ സേന ഒരു അമേരിക്കൻ ഡിസ്ട്രോയറിനെ ലക്ഷ്യമിട്ട ഒരു ഹൂതി ക്രൂയിസ് മിസൈൽ വെടിവച്ചു. തിങ്കളാഴ്ച ഒമാൻ ഉൾക്കടലിൽ യുഎസിന്റെ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പലിൽ മറ്റൊരു ഹൂതി മിസൈൽ പതിച്ചു.
ഹൂത്തികൾ ഇസ്രയേലിയുമായി ബന്ധമുള്ള ഷിപ്പിംഗിനെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ചത്തെ ആക്രമണത്തിന് ശേഷം അവർ യുഎസിനേയും ബ്രിട്ടനെയും “ന്യായമായ ശത്രുക്കൾ” എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങൾ ഗാസയിൽ യുദ്ധം വ്യാപിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD