ഗൾഫ് മേഖലയിലെ വിദേശകാര്യ മന്ത്രാലയം (എംഇഎ) ജോയിന്റ് സെക്രട്ടറി യായ, വിപുൽ ഏപ്രിലിൽ ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന നിലവിലെ അംബാസഡർ ഡോ.ദീപക് മിത്തലിന് പകരമായാണ് അദ്ദേഹം എത്തുന്നത്.
അതേസമയം, ദീപക് മിത്തൽ മാർച്ച് അവസാനത്തോടെ ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) ജോയിൻ സെക്രട്ടറിയായി ചുമതലയേൽക്കും.
ശ്രീ വിപുൽ 1998-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. കെയ്‌റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ നയതന്ത്ര ജീവിതത്തിൽ രാഷ്ട്രീയ, വാണിജ്യ ബന്ധങ്ങൾ, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. 2014-17 വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനൊപ്പം പ്രവർത്തിച്ചിരുന്നു.
1998 ഐഎഫ്എസ് ബാച്ച് അംഗമായ വിപുൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. അറബി ഭാഷയിലെ മികച്ച പ്രാവീണ്യം കൊണ്ടും അദ്ദേഹം ശ്രദ്ധേയനാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp