എല്ലാ സംഘർഷങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ തെളിയിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി
വിജയകരമായ മധ്യസ്ഥതയ്ക്കു വിവേകവും വഴക്കവും കാഴ്‌ചപ്പാടും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പറഞ്ഞു. എല്ലാ സംഘർഷങ്ങളും പരിഹരിക്കാൻ കഴിയുമെന്നാണ് ഇക്കാര്യത്തിൽ ഖത്തറിൻ്റെ അനുഭവം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ദോഹ ഫോറം 2024-ൻ്റെ അവസാനത്തിൽ നടത്തിയ പ്രസംഗത്തിൽ, ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ രാജ്യത്തിന്റെ ശക്തമായ മൂല്യങ്ങളുടെയും നീതിയുടെയും ന്യായത്തിൻ്റെയും തത്വങ്ങളിൽ നിന്നാണ് വരുന്നതെന്ന് ഡോ. അൽ ഖുലൈഫി പരാമർശിച്ചു. ഈ മൂല്യങ്ങൾ വർഷങ്ങളായി ഖത്തറിൻ്റെ വിദേശനയത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.
ഖത്തർ ഭരണഘടനയുടെ ആർട്ടിക്കിൾ 7 ൽ ഖത്തറിൻ്റെ വിദേശനയത്തിൻ്റെ പ്രധാന ഭാഗങ്ങളായി സംഘർഷങ്ങൾ പരിഹരിക്കുന്നതും സമാധാനം സ്ഥാപിക്കുന്നതും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സംഭാഷണവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംഘർഷങ്ങൾക്ക് അയവു വരുത്താൻ മധ്യസ്ഥത സഹായിക്കുമെന്നും ഇത് ശാശ്വതമായ സമാധാനംസൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോറത്തിൽ പങ്കെടുത്തവർ ‘ദി ഇന്നൊവേഷൻ ഇംപെരറ്റീവ്’ എന്ന വിഷയം ചർച്ച ചെയ്‌തതായി ഡോ. അൽ ഖുലൈഫി സൂചിപ്പിച്ചു. ഇന്നത്തെ വെല്ലുവിളികൾ പരിഹരിക്കാൻ ഇന്നോവേഷൻസ് അടിയന്തരമായി ആവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചു. ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള ഒരു വേദിയാണെന്ന് ഫോറം ഒരിക്കൽക്കൂടി കാണിച്ചുതന്നു.
ആശയങ്ങൾ പ്രവർത്തനങ്ങളായി മാറുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാവുകയെന്നും ഫോറം ഊന്നിപ്പറഞ്ഞു. പ്രതിസന്ധികളോട് വേഗത്തിൽ പ്രതികരിക്കുകയും ശാശ്വത സമാധാനത്തിനായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
79-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ പ്രസിഡൻ്റ് ഫിലിമോൻ യാങ്, നയതന്ത്രം, സംഭാഷണം, വൈവിധ്യം എന്നിവയിൽ ഖത്തറിൻ്റെ ശ്രമങ്ങളെ പ്രശംസിച്ചു. 2023 ഒക്‌ടോബർ മുതൽ ഗാസയിലെ സമാധാന ചർച്ചകളെ സഹായിക്കുന്നതിൽ ഖത്തർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.
ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ മാത്രമല്ല, മേഖലയിലും ലോകത്തും പ്രതീക്ഷയർപ്പിക്കാൻ കഠിനമായി പ്രയത്നിക്കുന്ന ഖത്തർ സർക്കാരിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ലോകം നിരവധി ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, നല്ല മാറ്റത്തിനുള്ള ശക്തമായ ആഗ്രഹം ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്.