ഖത്തറിലെ പുതുക്കിയ ട്രാവൽ നയം പ്രാബല്യത്തിലായി
ദോഹ: ഇന്ത്യ ഉൾപ്പെടെ 6 ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്നവർക്കുള്ള പുതുക്കിയ ട്രാവൽ നയം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിലായി. ഇന്ന് മുതൽ ഖത്തറിലെത്തുന്ന യാത്രക്കാരിൽ ഖത്തറിന് പുറത്ത് നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും വാക്സിനേഷൻ ഇത് വരെ പൂർത്തിയാക്കാത്തവർക്കും ഡിസ്കവർ ഖത്തറിൽ 10 ദിവസ നിർബന്ധിത ക്വാറന്റീൻ ആരംഭിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് മാത്രമാണ് പ്രവേശനാനുമതി. റെസിഡന്റ് വിസക്കാർക്കും വിസിറ്റിങ്ങ് വിസക്കാർക്കും ഇത് ഒരു പോലെ ബാധകമാണ്.
അതേ സമയം, റെസിഡന്റ് വിസക്കാരിൽ, ഖത്തറിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും, ഖത്തറിലായിരിക്കെ, 12 മാസത്തിനുള്ളിൽ കോവിഡ് വന്ന് മാറിയവർക്കും ഡിസ്കവർ ഖത്തറിൽ 2 ദിവസ ക്വാറന്റീൻ മതി. തുടർന്ന്, ആർട്ടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആവുകയാണെങ്കിൽ ഇവർക്ക് സാധാരണ നിലയിലേക്ക് തിരിക്കാം. ഖത്തറിൽ നിന്നുള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് റിക്കവറി സർട്ടിഫിക്കറ്റോ ഇവർ ഹാജരാക്കേണ്ടതുണ്ട്. വിസിറ്റേഴ്‌സ് വിസയിൽ എത്തുന്നവർക്ക് ഇഹ്തിറാസ് പ്രീ-രജിസ്‌ട്രേഷൻ നിർബന്ധമായിരിക്കുന്നത് തുടരും.