IndiaQatar

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി ഖത്തർ; നാളത്തെ പ്രധാന പരിപാടികൾ അറിയാം

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഖത്തർ സന്ദർശിക്കും. മുഖ്യമന്ത്രിയെ വരവേൽക്കാൻ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

12 വർഷത്തെ ഇടവേളക്കൊടുവിലാണ് ഒരു കേരള മുഖ്യമന്ത്രി രാജ്യം സന്ദർശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു ദിവസത്തെ സന്ദർശനത്തിൽ മുഖ്യമന്ത്രി ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കും.

നാളെ രാവിലെ ദോഹയിൽ എത്തുന്ന മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ സ്ഥപതിയുടെയും ലോക കേരള സഭ അംഗങ്ങളുടെയും വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിക്കും.

ഉച്ചക്ക് ഷെറാട്ടൻ ഹോട്ടലിൽ ഖത്തറിലെ പ്രവാസി സംഘടനാ നേതാക്കൾ, മലയാളി വ്യവസായികൾ, വാണിജ്യ പ്രതിനിധികൾ എന്നിവരുമായുളള കൂടിക്കാഴ്ച നടക്കും.

വൈകുന്നേരം ആറ് മണിക്ക് അബു ഹമൂറിലെ ഐഡിയിൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന ‘മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.  ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്‌കൃതി ഖത്തർ ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

മലയാളോത്സവത്തിൽ പങ്കെടുക്കുന്നവർക്കായി അൽ- ഖോർ, മിസൈദ്, ഇൻഡസ്ട്രിയൽ ഏരിയ, വക്ര, ഉം സലാൽ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ.  എ.  ജയതിലക് ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, പ്രമുഖ വ്യവസായി എംഎ യൂസഫ് അലി തുടങ്ങി നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമാകും.

കേരളത്തിന്റെ സാംസ്കാരിക ശോഭ തെളിയിക്കുന്ന വിവിധങ്ങളായ കലാപരിപാടികളും വേദിയിൽ നടക്കും. വിവിധ നൃത്ത നൃത്യങ്ങൾ, ചെണ്ടമേളം എന്നിവ മലയാളോത്സവത്തിന് മാറ്റുകൂട്ടും. കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിച്ച പവലിയനുകളും സമ്മേളന നഗരിയിൽ ഉണ്ടാകും.

വിവിധ ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി ഖത്തർ സന്ദർശിക്കുന്നത്.  പ്രവാസികൾക്കായി നിരവധി പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Related Articles

Back to top button