Qatarsports

ഇതിൽപ്പരം ഇനിയെന്ത്…ഖത്തറിന്റെ മണ്ണിൽ അർജന്റീനക്ക് ഫൈനൽ! 3-0 ന് മെസിപ്പടക്ക് വിജയം!

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന ഖത്തർ ലോകകപ്പ് ഫൈനലിൽ. ബുധനാഴ്ചത്തെ ഫ്രാൻസ്-മൊറോക്കോ സെമി മൽസര വിജയിയെ അർജന്റീന ഡിസംബർ 18 ന് ലുസൈലിൽ തന്നെ നടക്കുന്ന ഫൈനലിൽ നേരിടും. ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളും (39, 69 മിനിറ്റ്) മെസ്സിയുടെ ഒരു പെനാൽറ്റി ഗോളുമാണ് അർജന്റീനയുടെ സ്‌കോറുകളായത്.

ആദ്യ 20 മിനിട്ടോളം മന്ദഗതിയിൽ വിരസമായാണ് കളി നീങ്ങിയത്. ഇരുടീമിൽ നിന്നും ആക്രമണം ഉണ്ടായില്ല. പന്ത് മധ്യനിരയിൽ തന്നെ തുടർന്നു. പന്ത് കയ്യടക്കത്തിൽ ക്രൊയേഷ്യ വ്യക്തമായ മുൻതൂക്കം നിലനിർത്തി. എന്നാൽ 33 –ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം തടയുന്നതിനായി താരത്തെ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവക്കോവിച്ച് വീഴ്ത്തിയതിനെ തുടർന്ന് അർജന്റീനക്ക് പെനാൽറ്റി ലഭിച്ചു. മെസ്സി എടുത്ത പെനാൾറ്റിയിൽ അർജന്റീനക്ക് ലീഡ്.

ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി നല്‍കിയ പാസിൽ അൽ‌വാരസിന്റെ മുന്നേറ്റം. ക്രൊയേഷ്യൻ പ്രതിരോധ നിരയേയും ഭേദിച്ച് അൽവാരസ് പോസ്റ്റിലേക്ക് കുതിക്കുന്നു. ഗോൾ കീപ്പറെ മറികടന്ന് അർജന്റീനക്ക് ഏകപക്ഷീയമായ രണ്ടാമത്തെ ലീഡ്.

രണ്ടാം പകുതിയിലും വിട്ടുകൊടുക്കാൻ ക്രൊയേഷ്യ തയ്യാറായിരുന്നില്ല. പന്ത് കൈവശം വച്ച് തുടർന്നിട്ടും ഗോൾ മുഖത്തെത്താനും ടീമിനായില്ല. അർജന്റീനയുടെ സ്വപ്‌നതുല്യമായ മൂന്നാം ഗോളിനും വഴിയൊരുക്കിയത് മെസ്സി തന്നെ. വലതു വിങ്ങിൽ നിന്ന് കുതിച്ച മെസ്സി ജൂലിയൻ അൽവാരസിന് നൽകിയ മികച്ച പാസാണ് 69–ാം മിനിറ്റിൽ ഗോളായത്.

പിന്നീടങ്ങോട്ട് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ മുന്നേറിയ അർജന്റീനയേയും തളർന്ന ക്രൊയേഷ്യയേയുമാണ് കണ്ടത്. ക്രൊയേഷ്യൻ ടീമിനെ പൂർണമായും പൂട്ടിയ അർജന്റീന രാജകീയമായാണ് ഫൈനലിൽ പ്രവേശിക്കുന്നത്.

ലോകകപ്പിൽ ഇത് വരെ കളിച്ച 5 സെമികളിൽ ഒന്ന് പോലും തോറ്റിട്ടില്ലെന്ന റെക്കോർഡ് ആറാം സെമിയിലും അർജന്റീന നിലനിർത്തി. ഇന്നത്തെ കളിയിൽ നേടിയ ഗോളോടെ കൈലാൻ എമ്പാപ്പെയ്ക്കൊപ്പം ഈ ലോകകപ്പിലെ ടോപ്പ് സ്കോറിംഗിലേക്ക് (5 ഗോളുകൾ) സൂപ്പർതാരം മെസ്സിയുമെത്തി. അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ നേട്ടവും 11 ഗോളുകളോടെ മെസ്സി മറികടന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button