ഖത്തറിൽ തമീം ബിൻ ഹമദ് മിലിട്ടറി ആൻഡ് ടെക്നോളജി സയൻസസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും

ദോഹയിലെ അഹമ്മദ് ബിൻ മുഹമ്മദ് മിലിട്ടറി കോളേജിൽ നടന്ന സൈനിക കോളേജുകളുടെ സംയുക്ത ബിരുദദാന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ സാന്നിധ്യത്തിലാണ് പുതിയ സർവകലാശാലയുടെ പ്രഖ്യാപനം നടന്നത്.
ഖത്തർ സായുധ സേനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സൈനിക, സാങ്കേതിക സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ആധുനികമായ ഒരു അക്കാദമിക് ചട്ടക്കൂട് ഒരുക്കുകയാണ് ഈ പുതിയ സർവകലാശാലയുടെ ലക്ഷ്യം. ഓരോ സൈനിക കോളേജുകളുടെയും സവിശേഷമായ സ്വത്വവും വൈദഗ്ധ്യവും നിലനിർത്തിക്കൊണ്ടുതന്നെ സൈനിക വിദ്യാഭ്യാസത്തെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
രാജ്യത്തിന്റെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഉയർന്ന പ്രൊഫഷണലിസമുള്ള സൈനിക പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രധാന ദൗത്യം. ആഗോളതലത്തിൽ പ്രതിരോധ രംഗത്ത് സംഭവിക്കുന്ന നൂതന മാറ്റങ്ങളെയും ശാസ്ത്ര സാങ്കേതിക വിദ്യകളെയും ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. ഇതിലൂടെ ഖത്തറിലെ സൈനിക സേനയുടെ മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും ദേശീയ സന്നദ്ധത വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അഹമ്മദ് ബിൻ മുഹമ്മദ് മിലിട്ടറി കോളേജ്, മുഹമ്മദ് ബിൻ ഗാനിം അൽ ഗാനിം നേവൽ അക്കാദമി, അൽ സാഇം മുഹമ്മദ് ബിൻ അബ്ദുള്ള അൽ അത്വിയ എയർ കോളേജ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ ഈ സർവകലാശാലയുടെ ഭാഗമായി മാറും. ഇവയെക്കൂടാതെ സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ, മിലിട്ടറി ടെക്നിക്കൽ കോളേജ്, സൈബർ സ്പേസ് അക്കാദമി എന്നിവയും പുതിയ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കും. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള സൈനിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിലൂടെ സൈനിക വിദ്യാഭ്യാസ രംഗത്ത് ഖത്തർ നടത്തുന്ന നിർണ്ണായകമായ നിക്ഷേപമാണിത്.




