ദോഹ: ലോക റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ പിന്തുണയിൽ ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇ-കൊമേഴ്‌സ് ഗ്രൂപ്പ് ആയ ഫ്ലിപ്കാർട്ടിൽ ഖത്തറിലെ പരമാധികാര ഫണ്ട് ആയ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി തുടർന്നും നിക്ഷേപമിറക്കുമെന്നു റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഖത്തർ അധികൃതരുമായി ഫ്ലിപ്കാർട്ടിന്റെ ചർച്ചകൾ എല്ലാം പൂർത്തിയായതാണ് വിവരം. 3 ബില്യണ് ഡോളർ ആയിരിക്കും ഇന്ത്യൻ ഇ-വ്യാപാര കമ്പനിയിൽ ഖത്തറിന്റെ നിക്ഷേപം. 2014 ഡിസംബർ മുതൽ ഫ്ലിപ്കാർട്ടിലെ നിക്ഷേപകരാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി.
അതേ സമയം കനേഡിയൻ പെൻഷൻ ഫണ്ട്, ജാപ്പനീസ് സോഫ്ട് ബാങ്ക്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA) എന്നിവരും ഫ്ലിപ്കാർട്ടിൽ പുതുതായി നിക്ഷേപമിറക്കുന്നതായാണ് റിപ്പോർട്ട്. ഈ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് 2 ബില്യണ് ഡോളർ ആയിരിക്കും നിക്ഷേപിക്കുക.
പുതിയ നിക്ഷേപകർ കൂടി എത്തുമ്പോൾ ഫ്ലിപ്കാർട്ടിന്റെ ആകെ ഓഹരി മൂല്യം 35 ബില്യണ് ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്.