ലെബനനിലേക്ക് 100 ടൺ മാനുഷിക സഹായവുമായി ഖത്തർ

ദോഹ: ലെബനനിലെ ദുരിതബാധിതരായ പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായി ഖത്തറിന്റെ സഹായ ഹസ്തം. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദ്ദേശപ്രകാരം നൂറ് ടണ്ണിലധികം മാനുഷിക സഹായങ്ങളുമായി ഖത്തർ എയർവേയ്‌സ് വിമാനം ലെബനനിലേക്ക് പുറപ്പെട്ടു.
ലെബനനിലെ നിലവിലെ പ്രതിസന്ധികളെത്തുടർന്ന് ബുദ്ധിമുട്ടുന്നവർക്കും കുടിയിറക്കപ്പെട്ടവർക്കും സഹായമെത്തിക്കുന്ന ഖത്തറിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.
സഹായ പാക്കേജിൽ ഉൾപ്പെടുന്നത്:
- അടിയന്തര വൈദ്യസഹായത്തിനുള്ള മരുന്നുകൾ.
- മെഡിക്കൽ ഉപകരണങ്ങൾ.
- എമർജൻസി ഫസ്റ്റ് എയ്ഡ് കിറ്റുകൾ.
മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് എന്നിവർ സംയുക്തമായാണ് ഈ സഹായങ്ങൾ നൽകുന്നത്. ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ (ലഖ്‌വിയ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സ്) സഹകരണത്തോടെയാണ് വിതരണം ഏകോപിപ്പിക്കുന്നത്. ലെബനനിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും ഈ സഹായം ലക്ഷ്യമിടുന്നു.




