മുഴുവൻ ഹാജറുമായി ഖത്തറിലെ സ്‌കൂളുകൾ. വാക്സീനെടുക്കാത്തവർക്ക് ആഴ്ച്ച തോറും ടെസ്റ്റ്
ദോഹ: ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം. 12 വയസ്സ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഹാജർ നില നൂറ് ശതമാനം ആയിരിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വാക്സീനേഷൻ പൂർത്തിയാക്കാത്ത സ്‌കൂൾ സ്റ്റാഫുകൾ, അധ്യാപകർ, 12 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾ മുതലായവർക്ക് സ്‌കൂളിന് അകത്ത് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി, കോവിഡ് പോസിറ്റീവ് അല്ലെന്ന് ഉറപ്പുവരുത്തും. വാക്സീൻ സ്വീകരിക്കാത്ത ഈ വിഭാഗങ്ങൾക്ക് പ്രതിവാര ടെസ്റ്റ് നിർബന്ധമാണ്. നിശ്ചിത കാലത്തിനകം വൈറസ് ബാധിച്ച് മാറിയവർക്ക് മാത്രമാണ് ടെസ്റ്റ് ആവശ്യമില്ലാത്തത്.
കൂടാതെ, ക്ലാസുകൾ, ഓഫീസ് റൂമുകൾ, മറ്റിടങ്ങളിലെല്ലാം കുട്ടികളും സ്റ്റാഫുകളും മറ്റു സഹപ്രവർത്തകരും തമ്മിൽ സാമൂഹിക അകലം പാലിക്കണം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്.
പഠനത്തിലും സ്‌കൂൾ ഗതാഗതത്തിലും ബബിൾ സിസ്റ്റം തുടരും. സ്‌കൂൾ ബസ്സുകളിൽ ആകെ ശേഷിയുടെ 75% പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൈകഴുകൽ, പരിസരങ്ങളിലും മറ്റും തുടർച്ചയായ അണുനശീകരണം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കണം. .