ഖത്തർ പൂരം സീസൺ 2, 2026 ജനുവരി 30 ന്

ഖത്തർ മലയാളികൾ ഏറെ ആവേശത്തോടെ സ്വീകരിച്ച ഖത്തർ പൂരം ആദ്യപതിപ്പിന്റെ തുടർച്ചയായി ഇവന്റിന്റെ രണ്ടാം സീസൺ സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ജനുവരി 30 നാണ് ഖത്തർ പൂരം സീസൺ 2 നടക്കുക. ഖത്തർ മലയാളീസ് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സീസൺ 2 വിവരങ്ങൾ പുറത്തു വിട്ടത്. ആദ്യപതിപ്പിനെക്കാൾ കൂടുതൽ ഗംഭീരമായും സംഘാടന മികവോടെയുമാകും പുതിയ പതിപ്പ് അരങ്ങേറുക.
ഖത്തറിലെ ഏറ്റവും വലിയ മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് നേതൃത്വം നൽകിയ ഇവന്റ് ഈ വർഷം ഖത്തറിൽ നടന്ന ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരുന്നു. ഫെബ്രുവരി 14 ന് നടന്ന ഇവന്റിൽ ഖത്തർ കണ്ട ഏറ്റവും വലിയ ജനാവലികളിൽ ഒന്ന് സന്നിഹിതമായി. കേരളത്തിലെ ഗ്രാമീണ ഉത്സവങ്ങളിലെ അന്തരീക്ഷം പുനഃസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഇവന്റ് ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിനെ അക്ഷരാർത്ഥത്തിൽ ഉത്സവപ്പറമ്പാക്കി മാറ്റി.
കൂടുതൽ പരിപാടികളും ജനസാനിധ്യവും ലക്ഷ്യമിടുന്ന പുതിയ സീസണിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.