ഖത്തറിലെ ഓയിൽ, ഗ്യാസ് വിഭവങ്ങളുടെ പൊതുമേഖലാ ഉത്പാദന വിപണന കമ്പനിയായ ഖത്തർ പെട്രോളിയം ഇനി മുതൽ ഖത്തർ എനർജി എന്നറിയപ്പെടും. ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിലാണ്, ഊർജ്ജ സഹമന്ത്രി സാദ് ഷെരീദ അൽ കാബി തങ്ങളുടെ പേര് മാറ്റുന്നതായി പ്രഖ്യാപിച്ചത്. ഒപ്പം പുതിയ മുദ്രാവാക്യവും ലോഗോയും പങ്കുവെച്ചു. “Your Energy Transition Partner” എന്നതാണ് കമ്പനിയുടെ പുതിയ മുദ്രാവാക്യം.
കൂടുതൽ കാര്യക്ഷമവും പരിസ്ഥിസൗഹൃദവുമായ ഊർജ്ജസ്രോതസ്സുകളിലേക്ക് കൂടി കേന്ദ്രീകരിക്കാൻ ഉതകുന്നതാണ് പുതിയ പേര്. തങ്ങൾ യഥാർത്ഥത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പേരെന്ന് അൽ കാബി പറഞ്ഞു.
പുതിയ മാറ്റം കമ്പനിയുടെ ജീവനക്കാർക്ക് മെയിൽ ചെയ്ത സ്റ്റേറ്റ്മെന്റിലൂടെയും അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ പേജും ഖത്തർ എനർജി @qatar_energy എന്നാക്കി മാറ്റി.