ഖത്തർ അൽ മറൂന ബീച്ചിൽ മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു
ദോഹ: ഖത്തറിലെ അൽ മറൂന ബീച്ചിൽ വെള്ളിയാഴ്ച വൈകീട്ട് കുളിക്കാനിറങ്ങിയ മൂന്ന് ഇന്ത്യക്കാർ മുങ്ങി മരിച്ചു. തമിഴ്‍നാട് കുംഭകോണം സ്വദേശിയായ ബാലാജി (38), ഇദ്ദേഹത്തിന്റെ മകനായ ബിർള പബ്ലിക് സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥി രക്ഷൻ (10), ചെന്നൈ സ്വദേശിനിയും മൊണാർക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ വർഷിനി വിദ്യാധരൻ (12) എന്നിവരാണ് മരണപ്പെട്ടത്. ദോഹയിലെ കിയോ ഇന്റർനാഷണൽ കൺസൾട്ടന്റ്സിലാണ് ബാലാജി ജോലി ചെയ്യുന്നത്.
ഖത്തറിന്റെ വടക്കുകിഴക്കൻ മുനമ്പിൽ സ്ഥിതി ചെയ്യുന്ന അൽ മറൂന ബീച്ചിൽ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ആഴമില്ലാത്ത സ്ഥലത്ത് കുളിച്ചുകൊണ്ടിരിക്കവേ വലിയൊരു തിര വന്ന് അതിൽ മുങ്ങിപ്പോകുകയായിരുന്നെന്നു ദൃസാക്ഷികൾ പറഞ്ഞു. ബാലാജിയും വർഷിനിയും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഉടൻ സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡും പോലീസും ചേർന്ന് രക്ഷിച്ച ബാലാജിയുടെ മകൻ, സിദ്ര ഹോസ്പിറ്റലിൽ വെച്ച് മൂന്ന് മണിക്കൂറിന് ശേഷവും മരണമടഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോവും.