19 ഡിഗ്രി വരെ രാത്രി താപനില കുറയും; കാലാവസ്‌ഥാ മാറ്റം, മുൻകരുതൽ നിർദ്ദേശം
ഖത്തറിൽ തണുപ്പുകാലത്തിന്റെ ആരംഭമായി, രാത്രികാലങ്ങളിൽ 19 ഡിഗ്രി വരെ താപനില കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 27 ഡിഗ്രി വരെയാണ് പരമാവധി രാത്രി താപനില. 29-35 ഡിഗ്രി സെൽഷ്യസാണ് പകൽ സമയങ്ങളിലെ താപനില.
വെള്ളിയാഴ്ച മുതൽ അടുത്ത വാരം മധ്യം വരെ ഖത്തറിലെ ആകാശത്ത് മേഘങ്ങളുടെ അളവ് വര്ധിക്കും. ഇടവിട്ടുള്ളതും ചിതറിയുമായ നേരിയത് മുതൽ മിതമായ തീവ്രതയിലുള്ള മഴയ്ക്കും ക്യൂഎംഡി സാധ്യത പ്രവചിച്ചു. ഇത് ചിലപ്പോൾ ഓഫ്‌ഷോർ മേഖലകളിൽ ഇടിയോട് കൂടി കനത്ത മഴയായും മാറാം.
വടക്കുകിഴക്ക് ദിശയിൽ നിന്ന് തെക്കുകിഴക്കിലേക്ക് വീശുന്ന മിതമായതും പുതിയതുമായ കാറ്റും ഈ ദിവസങ്ങളിൽ കാണപ്പെടും. മഴയോടൊപ്പം കാറ്റിന് വേഗത കൂടാം. 25 മൈലിന് മുകളിൽ വേഗത പ്രാപിക്കുന്ന കാറ്റ് ദൃശ്യപരത കുറയാനും തുറന്ന ഇടങ്ങളിൽ പൊടിക്കാറ്റിനും കാരണമാകും. ഓഫ്‌ഷോറിൽ തിരമാലകൾ 7 അടി വരെ ഉയരുകയും ചെയ്യും.
കാലാവസ്ഥാ ട്രാൻസിഷൻ കാലമായത് കൊണ്ട് തന്നെ വേഗത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കാമെന്നും മുൻകരുതലുകൾ പാലിക്കണമെന്നും ക്യൂഎംഡി മുന്നറിയിപ്പ് നൽകി