റിയൽ എസ്റ്റേറ്റ് കണ്സള്ട്ടൻസി ഫേം ആയ കുഷ്‌മാനും വേക്ഫീൽഡ് ഖത്തറും പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച്, അടുത്ത 12 മാസങ്ങൾക്കുള്ളിൽ ഖത്തറിൽ 15,000 ത്തോളം ഹോട്ടൽ മുറികൾ കൂട്ടിച്ചേർക്കപ്പെടും. ഈ വർഷം ആദ്യപകുതിയിൽ 1400 ഹോട്ടൽ മുറികളാണ് ഖത്തറിൽ വർധിച്ചത്.
ജൂണ് 2021 വരെയുള്ള കണക്കിൽ 29,688 ഹോട്ടൽ കീകളാണ് ഖത്തറിൽ ചിലവഴിക്കപ്പെട്ടത്. ഇത് 7% ത്തോളം വാർഷിക വർധനവുമാണ്, മിഡ്‌ലീസ്റ്റ് കുഷ്മാൻ ആന്റ് വേക്ഫീൽഡ് ഖത്തർ ജനറൽ മാനേജർ എഡ് ബ്രൂക്‌സ് റിപോർട്ടിൽ പറയുന്നു. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലാണ് 15000 ത്തോളം പുതിയ മുറികൾ കൂട്ടിച്ചേർക്കപ്പെടുമെന്നു റിപ്പോർട്ട് നിരീക്ഷിക്കുന്നത്.
ആഡംബര ഹോട്ടലുകളാണ് ഖത്തറിൽ മാർക്കറ്റ് ഷെയറിലും വരുമാനത്തിലും മുന്നിൽ. ഫൈവ് സ്റ്റാർ മുറികൾ 62 ശതമാനത്തോളമാണ്. അത്ര തന്നെ ശതമാനം പുതുതായി വരുന്നവയിലും ആഡംബര മുറികൾ കയ്യടക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഹോസ്പിറ്റാലിറ്റി വിതരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ഹോട്ടൽ-അപ്പാർട്ട്‌മെന്റുകളാണ്, 8,020 കീകളാണ് നിലവിൽ – മൊത്തത്തിലുള്ള വിതരണത്തിന്റെ 27 ശതമാനം വരുമിത്. ക്വാറന്റൈൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുറികൾ കൂടാതെ തന്നെ മൊത്തത്തിലുള്ള താമസ നിരക്ക് ആദ്യ 6 മാസത്തിൽ 7 ശതമാനത്തിന്റെ വാർഷിക വർധനവ് രേഖപ്പെടുത്തി.
ജൂൺ അവസാനത്തോടെ ശരാശരി പ്രതിദിന നിരക്കുകൾ (എഡിആർ) 16 ശതമാനവും ശരാശരി മുറിയിലെ വരുമാനം 24 ശതമാനവും വർധിച്ചതോടെ ഒക്യുപ്പൻസി നിരക്ക് വർധനവ് വരുമാനത്തിലും പ്രതിഫലിച്ചു. ജൂണിൽ, ഹോട്ടൽ മേഖലയിലുടനീളമുള്ള ശരാശരി എഡിആർ 438 റിയാലായാണ് വർദ്ധിച്ചത്.
അതേ സമയം കുതിച്ചുയരുന്ന ഒക്യൂപൻസി ആവശ്യകത ലോകകപ്പാനന്തരം ചെലുത്തിയേക്കാവുന്ന സമ്മർദ്ദങ്ങളും മറുവശത്തുണ്ട്. എങ്കിലും വരും വർഷങ്ങളിൽ ഖത്തർ ടൂറിസം വളരുകയും അത് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഗുണകരമാവുകയും ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.