WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിലെ പൊതുവിടങ്ങളെ മനോഹരമാക്കാൻ കൂടുതൽ കലാസൃഷ്‌ടികൾ വരുന്നു, കലാകാരന്മാരെ ക്ഷണിച്ച് ഖത്തർ മ്യൂസിയംസ്

ഖത്തറിലെ പൊതുസ്ഥലങ്ങളെ കൂടുതൽ ആകർഷകമാക്കാൻ കൂടുതൽ കലാസൃഷ്‌ടികൾ കൊണ്ടുവരാൻ ഖത്തർ മ്യൂസിയംസ്. ഇപ്പോൾ തന്നെ ഇൻസ്റ്റലേഷൻസും പ്രതിമകളും മറ്റുമായി നൂറിലധികം കലാസൃഷ്‌ടികൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിനു പുറമെയാണ് വരും വർഷങ്ങളിൽ ഖത്തറിന്റെ പല ഭാഗങ്ങളിലായി കൂടുതൽ കലാസൃഷ്‌ടികൾ സ്ഥാപിക്കാൻ ഖത്തർ മ്യൂസിയംസ് ഒരുങ്ങുന്നത്.

അൽ വക്ര, അൽ റുവൈസ്, അൽ സുബാറാ, ദുഖാൻ എന്നിങ്ങനെ ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും കലാസൃഷ്‌ടികൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് ഖത്തർ മ്യൂസിയംസ് അവരുടെ ആന്വൽ ഇന്റർവെൻഷൻ സംരംഭത്തിലൂടെ നടത്തുന്നത്. ഇതിനു വേണ്ടി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള മിഡ്-കരിയർ കലാകാരന്മാരെ ഖത്തർ മ്യൂസിയംസ് ക്ഷണിച്ചിട്ടുണ്ട്.

ഒരു നിശ്ചിത സ്ഥലത്തോ അല്ലെങ്കിൽ ഒരു പ്രത്യേക കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടോ ആണ് കലാസൃഷ്‌ടികൾ ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു കമ്യൂണിറ്റിയിലെ ആളുകളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ സ്വത്വബോധം നിലനിർത്തുന്ന അന്തരീക്ഷം സൃഷ്‌ടിക്കാനുമാണ് ആന്വൽ ഇന്റർവെൻഷൻ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.

ഇതിനു വേണ്ടി അപേക്ഷകൾ അയക്കേണ്ട തീയതി കഴിഞ്ഞ ദിവസം അവസാനിച്ചിട്ടുണ്ട്. ഈ സംരംഭത്തിൽ മുൻപ് വന്ന കലാസൃഷ്‌ടികളിൽ ലുസൈലിൽ സ്ഥിതി ചെയ്യുന്ന മാർക്ക് ബ്രൂണോ, മൈക്കൽ പെറോൺ എന്നിവരുടെ ‘ഷെൽട്ടേഴ്‌സ്’, ദോഹയിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് കളിക്കുന്ന യുവത്വത്തെ കാണിക്കുന്ന ബാച്ചിർ മുഹമ്മദിൻ്റെ ‘ദാർ അൽ തായോർ’ എന്നിവ ഉൾപ്പെടുന്നു.

അതിനിടയിൽ ഖത്തർ മ്യൂസിയംസ് അവരുടെ ടെമ്പററി പബ്ലിക്ക് ആർട്ട് ഇനിഷ്യറ്റിവിനു കീഴിൽ സ്വന്തം സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്ന രീതിയിലുള്ള താൽക്കാലിക പൊതു കലാസൃഷ്‌ടി നിർദ്ദേശിക്കാൻ ഖത്തറിലെ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർക്ക് അവരുടെ കലാസൃഷ്‌ടികൾ 30000 ഖത്തർ റിയാലെന്ന പരമാവധി ബഡ്‌ജറ്റിൽ സൃഷ്‌ടിച്ച് കമ്മീഷൻ ചെയ്യാം.

ഇതിനെല്ലാം പുറമെ ചുവർചിത്രങ്ങളിലൂടെയും സ്ട്രീറ്റ് ആർട്ടിലൂടെയും ദോഹയുടെ ചുവരുകൾക്ക് ഊർജ്ജവും അർത്ഥവും നൽകുന്നതിനു വേണ്ടി കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഖത്തർ മ്യൂസിയംസിന്റെ JEDARIART പ്രോഗ്രാമിനായുള്ള അപേക്ഷകളും ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button