ദോഹ: രാജ്യത്ത് ജനുവരി 29 മുതൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങളിൽ നിശ്ചിത ഇളവുകൾ ഏർപ്പെടുത്താൻ ഇന്ന് ഓണ്ലൈനായി ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികൾക്കും വാക്സീൻ എടുക്കാത്തവർക്കും മാളുകളിലും കോംപ്ലക്സുകളിലും പ്രവേശനം അനുവദിക്കും.
ഈ ഇടങ്ങൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുകയും ചെയ്യാം. എന്നാൽ ഇവിടങ്ങളിലെ ഭക്ഷണ ശാലകൾക്ക് 50% ആണ് അനുവദിച്ച പരിധി.
പൊതു-സ്വകാര്യ തൊഴിൽ മേഖലകളിലെ മീറ്റിങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 30 ആക്കി ഉയർത്തിയിട്ടുണ്ട്.
ബസും മെട്രോയും ഉൾപ്പെടുന്ന പൊതുഗതാഗതത്തിൽ യാത്രക്കാരുടെ ശേഷി 75 ശതമാനമാക്കി വർധിപ്പിച്ചു. ഭക്ഷ്യപാനീയങ്ങൾ, സ്മോക്കിംഗ് എന്നിവ അനുവദിക്കാത്തത് തുടരും.
കുട്ടികൾക്കുള്ള മസ്ജിദ് പ്രവേശന നിരോധനം നീക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ശേഷി 75% ആക്കി ഉയർത്തി.
അതേസമയം, മാസ്‌ക്, ഇഹ്തിറാസ് ഉപയോഗം സമൂഹിക അകലം തുടങ്ങിയ അടിസ്ഥാന പ്രോട്ടോക്കോളുകളിൽ മാറ്റമില്ല.