മിഡിൽ ഈസ്റ്റിലും വടക്കെ ആഫ്രിക്കയിലും ഏറ്റവും സമാധാനമുള്ളത് ഖത്തറിൽ; ആഗോളതലത്തിലും മുന്നേറ്റം.
ദോഹ: 2021-ലെ ആഗോള സമാധാന സൂചികയിൽ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഖത്തർ 29-ാമത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ ഖത്തർ മെച്ചപ്പെടുത്തി. മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ആദ്യസ്ഥാനം ഖത്തറിനാണ്. കുവൈത്ത് (36), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (52), ഒമാൻ (73) തുടങ്ങിയവയാണ് മേഖലയിൽ നിന്നുള്ള മറ്റു രാജ്യങ്ങളുടെ സ്ഥാനം.
ആഗോളതലത്തിൽ, ഐസ്‌ലാന്റ്, ന്യൂസിലാന്റ്, ഡെൻമാർക്ക്, പോർച്ചുഗൽ, സ്ലൊവേനിയ എന്നിവയാണ് ഏറ്റവും സമാധാനപരമായ ആദ്യ അഞ്ച് രാജ്യങ്ങൾ. യൂറോപ്പ് ഏറ്റവും സമാധാനമുള്ള പ്രദേശമായി തുടർന്നപ്പോൾ, വടക്കേ അമേരിക്ക പ്രാദേശികമായ ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനസൂചികയിൽ വലിയ ഇടിവ് നേരിട്ടു. അഫ്ഘാനിസ്താൻ ലോകത്തിലെ ഏറ്റവും സമാധാനമില്ലാത്ത രാജ്യമായി തുടരുന്നു. മെന മേഖലയിൽ പ്രാദേശിക പുരോഗതി രേഖപ്പെടുത്തുമ്പോഴും ഏറ്റവും അശാന്തമായ പ്രദേശമായി തുടരുകയാണ്.
2020 ലെ സൂചികയെ അപേക്ഷിച്ച് 87 രാജ്യങ്ങൾ ഈ വർഷം കൂടുതൽ സമാധാനപരമായപ്പോൾ 73 രാജ്യങ്ങളിൽ സമാധാന സാഹചര്യം നഷ്ടപ്പെടുകയാണുണ്ടായത്. 2021 ല് ആഗോള സമാധാനത്തിന്റെ ശരാശരി നില 0.07% കുറയുകയാണ് ഉണ്ടായത്, കഴിഞ്ഞ 13 വർഷത്തിനിടയിൽ ഒമ്പതാമത്തെ തവണയാണ് സമാധാന സൂചിക ഇടിയുന്നത്.
സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഇക്കണോമിക്സ് & പീസ് (ഐഇപി) ആണ് ഗ്ളോബൽ പീസ് ഇന്ഡക്സിന്റെ സംഘാടകർ. സ്വതന്ത്രവും പക്ഷപാതപരമല്ലാതെയും ലാഭേച്ഛയില്ലാതെയും പ്രവർത്തിക്കുന്ന ഏജൻസിക്ക് ന്യൂയോര്ക്ക്, ദി ഹേഗ്, മെക്സിക്കോ സിറ്റി, ഹരാരെ, ബ്രസെല്സ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.