ഖത്തറിലെ യാത്രക്കാർ മരുന്നുകൾ കൈവശം വെക്കുന്നതിൽ ജാഗ്രത, മുന്നറിയിപ്പ് ആവർത്തിച്ച് അധികൃതർ
മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകൾ ഖത്തറിലെ യാത്രക്കാർ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റ് പറഞ്ഞു. അനുവദനീയ മരുന്നുകൾ കൈവശം വെക്കുമ്പോഴും ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ലഭിച്ച 6 മാസത്തിൽ കൂടാത്ത പ്രിസ്ക്രിപ്ഷൻ രേഖകൾ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ബുധനാഴ്ച നടന്ന ബോധവൽക്കരണ വെബിനാറിലാണ് എൻഫോഴ്‌സ്‌മെന്റ് മുന്നറിയിപ്പുകൾ ആവർത്തിച്ചത്.
ചില മയക്കുമരുന്നുകൾ ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കാമെങ്കിലും അത് ഖത്തറിൽ നിരോധിച്ചിരിക്കാൻ സാധ്യതയുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സംശയാസ്പദമായ വസ്തുക്കളോ മരുന്നുകളോ കൊണ്ടുവരാതിരിക്കലാണ് ഇതിന് പ്രതിവിധി.
നേരത്തെ, താഴെ പറയുന്ന പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾ വഹിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചിരുന്നു: Lyrica, Teamadol, Alprazolam (Xanax), Diazepam (Valium), Zolam, Clonazepam, Zolpidem, Codene, Methadone, Pregabaline തുടങ്ങിയവയാണവ.
മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ:
-നിരോധിത മരുന്നുകൾ കൈവശം വെക്കുന്നത് അറസ്റ്റിലേക്കും ജയിൽശിക്ഷയിലേക്കും നയിക്കും.
-സുഹൃത്തുകൾക്കോ ബന്ധുക്കൾക്കോ വേണ്ടി മരുന്നുകൾ കൈവശം സൂക്ഷിക്കരുത്. സ്വന്തം ആവശ്യത്തിനുള്ള മരുന്നുകൾ മാത്രം സൂക്ഷിക്കുക.
-സ്വന്തം ആവശ്യത്തിനായുള്ള അനുവദനീയ മരുന്നുകൾ ആണെങ്കിലും, ഡോക്ടറുടെ അംഗീകൃത പ്രിസ്ക്രിപ്ഷനോട് കൂടി 30 ദിവസത്തേക്കുള്ളത് മാത്രമേ കയ്യിൽ സൂക്ഷിക്കാൻ അനുമതിയുള്ളൂ.
പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ എച്ച്ആർ, ഫിനാൻസ്, സുരക്ഷ, പൊതു, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, പ്രവാസി കമ്യൂണിറ്റി തുടങ്ങിയവയുടെ നേതാക്കൾ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.