Qatar

സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചതല്ല; അത് സ്വകാര്യ സന്ദർശനം; ഇന്ത്യയെ അറിയിച്ച് ഖത്തർ

ദോഹയിൽ നടന്ന ഫിഫ ലോകകപ്പ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടി‌ല്ലെന്ന് ഇന്ത്യയെ അറിയിച്ച് ഖത്തർ. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കുക എന്ന ഉദ്ദേശത്തോടെ മൂന്നാം കക്ഷി രാജ്യങ്ങൾ ബോധപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഖത്തർ പറഞ്ഞു.

നായിക്ക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നും ഖത്തർ അധികൃതർ വിശദീകരിച്ചു.

ഇന്ത്യയുമായുള്ള ഖത്തറിന്റെ ബന്ധത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്ന മൂന്നാം രാജ്യങ്ങളാണ് സാക്കിർ നായിക്കിനെ ചുറ്റിപ്പറ്റിയുള്ള മുഴുവൻ വിവാദങ്ങളും സൃഷ്ടിച്ചതെന്ന് ഖത്തർ സർക്കാർ ഇന്ത്യൻ മധ്യസ്ഥർക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

സാക്കിർ നായിക്കിന് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിൽ ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്ന് ഇന്ത്യ ഖത്തറിനെ അറിയിച്ചിരുന്നു. എന്നാൽ ഞായറാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ജഗ്ദീപ് ധൻകർ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം എത്തിയത്.

വിവാദ മതപ്രഭാഷകനായ സാക്കിർ നായിക് 2016-ൽ ഇന്ത്യ വിട്ട് മലേഷ്യയിലേക്ക് താമസം മാറുകയായിരുന്നു. ഇയാളെ വിട്ടുകിട്ടാൻ ഇന്ത്യ മലേഷ്യയോട് അഭ്യർത്ഥിച്ചിരുന്നു.

സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) 2016 അവസാനത്തോടെ ഇന്ത്യ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.  വിവിധ മതവിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു നിരോധനം. ഈ വർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐആർഎഫിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധമാക്കുകയും ചെയ്തു.

1990 കളിലാണ് തന്റെ മതപ്രഭാഷണങ്ങളിലൂടെ സാക്കിർ നായിക് പ്രശസ്തനായത്. മതപ്രചാരണത്തിനായി ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ, പീസ് ടിവി തുടങ്ങിയവയുടെ സ്ഥാപകൻ ആണ് സാകിർ നായിക്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button