ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ‘പെർസോണ നോൺ ഗ്രാറ്റ’ പ്രഖ്യാപിച്ച് ഖത്തർ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം

ദോഹ: ഖത്തറിന്റെ പരമാധികാരവും സുരക്ഷയും ലംഘിച്ചതിനെത്തുടർന്ന് ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത നടപടികളുമായി ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തറിലെ ഇറാനിയൻ എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ‘പെർസോണ നോൺ ഗ്രാറ്റ’ (അപ്രിയ വ്യക്തികൾ) ആയി പ്രഖ്യാപിച്ചു. ഇവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് മന്ത്രാലയം ഔദ്യോഗികമായി നിർദ്ദേശിച്ചു.
ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഇബ്രാഹിം യൂസഫ് ഫക്രോ, ഇറാനിയൻ അംബാസഡർ അലി സലേഹാബാദിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഈ തീരുമാനം അറിയിച്ചത്. ഖത്തറിന് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
മേഖലയിലെ സങ്കീർണ്ണമായ സാഹചര്യം പരിഗണിച്ച് രാജ്യത്തിനകത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഇത്തരം പരിപാടികൾ ഇൻഡോർ ഹാളുകളിൽ മാത്രമേ നടത്താവൂ. ടെന്റുകളോ തുറസ്സായ സ്ഥലങ്ങളോ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വീകരിക്കുമെന്നും ഖത്തർ വ്യക്തമാക്കി.




