ദോഹ: ഖത്തറിൽ പ്രതിദിന കൊവിഡ് രോഗികൾ കുതിച്ചുയർന്നു. ഇന്ന് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 248 ആയാണ് ഉയർന്നത്. ഇന്നലെ 183 കേസുകൾ സ്ഥിരീകരിച്ചിടത്താണിത്. കൊവിഡ് നിയന്ത്രണ വിധേയമായ ശേഷം ഏറെക്കാലത്തിന് ഇപ്പുറമാണ് രാജ്യത്ത് പ്രതിദിന കേസുകൾ 200 കടക്കുന്നതും.
പ്രതിദിന കേസുകളിൽ കമ്മ്യൂണിറ്റി രോഗികളാണ് (213) ഭൂരിഭാഗവും എന്നതും ആശങ്കാജനകമാണ്. 35 പേർ മാത്രമാണ് വിദേശത്ത് നിന്നെത്തിയ യാത്രക്കാർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയത് 146 പേർ മാത്രമാണ്. ഇതോടെ രാജ്യത്ത് ആകെ സജീവ കേസുകളുടെ എണ്ണം 2,441 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച 22,482 ടെസ്റ്റുകളിൽ നിന്നാണ് ഈ കണക്കുകൾ. ഇതിൽ 6,228 പേർ ആദ്യമായി ടെസ്റ്റ് ചെയ്തവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രി രോഗികൾ 137 ആയി ഉയർന്നു. 5 പേരെ ഇന്നലെ പ്രവേശിപ്പിച്ചതോടെ ഐസിയു രോഗികളും 13 ആയി വർധിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ്-19 ഇപ്പോഴും ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ട് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസിനുള്ള ക്യാമ്പയിനും ശക്തമാക്കാൻ ഒരുങ്ങുകയാണെന്ന് മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു.