WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിൽ ഇന്ന് 1695 കേസുകൾ; ടെസ്റ്റ് പ്രതിസന്ധി രൂക്ഷം; സർക്കാർ ക്ലിനിക്കുകളിൽ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നു റിപ്പോർട്ട്

ദോഹ: ഖത്തറിൽ ഇന്ന് 1695 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 1068 പേർ ഖത്തറിലുള്ളവരും 627 പേർ യാത്രികരുമാണ്. 198 പേർ മാത്രം രോഗമുക്തി പ്രാപിച്ചതോടെ, ആകെ കേസുകൾ 8339 ആയി ഉയർന്നു. 81 പേരെ ഇന്ന് പ്രവേശിപ്പിച്ചത് ഉൾപ്പെടെ ആശുപത്രിയിൽ ചികിത്സയിലുള്ളവർ 409 ആയി. ഇതിൽ ഇന്ന് പ്രവേശിപ്പിച്ച 6 പേർ ഉൾപ്പെടെ 32 പേരാണ് ഐസിയുവിൽ. രൂക്ഷമായ അലഭ്യതക്കിടയിലും ഇന്ന് 34479 ടെസ്റ്റുകളാണ് നടന്നത്. 

അതേസമയം, പിസിആർ ടെസ്റ്റുകളുടെ വർധിച്ച തിരക്ക് പരിഗണിച്ച്, രാജ്യത്തെ ടെസ്റ്റ് പോളിസിയിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതായുള്ള റിപ്പോർട്ട് ദോഹ ന്യൂസ് പുറത്തുവിട്ടു. ഇത് സംബന്ധിച്ച് ചോർന്ന HMC രേഖ എന്നവകാശപ്പെടുന്നതാണ് ദോഹ ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ. എന്നാൽ ഈ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇത് പ്രകാരം, കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റർ ഡോസ് ലഭിച്ചതോ അല്ലെങ്കിൽ കഴിഞ്ഞ 4 മാസത്തിനുള്ളിൽ രണ്ടാമത്തെ കുത്തിവയ്പ്പ് ലഭിച്ചതോ ആയ, 50 വയസ്സിന് താഴെയുള്ള ഒരാൾ സർക്കാർ ക്ലിനിക്കുകളിൽ PCR-ന് യോഗ്യനല്ല. ഇയാൾ കോവിഡ് രോഗികളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെങ്കിൽപ്പോലും സർക്കാർ ക്ലിനിക്കിൽ ടെസ്റ്റ് ലഭിക്കില്ല.  

4 മാസങ്ങൾക്കുമുമ്പ് രണ്ടാമത്തെ ഷോട്ട് അല്ലെങ്കിൽ ബൂസ്റ്റർ എടുത്തവർ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, അല്ലെങ്കിൽ വിട്ടുമാറാത്ത രോഗാവസ്ഥ അനുഭവിക്കുന്ന, പോസിറ്റീവ് കേസുമായി അടുത്ത ബന്ധം പുലർത്തിയവർ എന്നിവർക്ക്  മാത്രമേ സർക്കാർ കേന്ദ്രങ്ങളിൽ കോവിഡ് ടെസ്റ്റ് ലഭ്യമാകൂ.

മെമ്മോ അനുസരിച്ച്, രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാൻ അനുവദിക്കുമോ അതോ ടെസ്റ്റ് സെന്ററുകളിലെ “ആധിക്യം” തടയാൻ അവരെ വീട്ടിലേക്ക് തിരിച്ചയക്കുമോ എന്ന് വ്യക്തമല്ല. അതേസമയം, രാജ്യത്ത് എത്തുന്ന യാത്രക്കാരും സന്ദർശകരും നിലവിലുള്ള ട്രാവൽ പോളിസി പ്രകാരം പരിശോധന നടത്താൻ ഇപ്പോഴും ബാധ്യസ്ഥരാണെന്ന് മെമ്മോ പറയുന്നു.

ടെസ്റ്റ് പ്രതിസന്ധി രൂക്ഷമായ ദിവസങ്ങൾക്ക് മുൻപ് തന്നെ, ഖത്തറിലെ 6 പിഎച്സിസി സെന്ററുകളിൽ സൗജന്യ ടെസ്റ്റ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതുൾപ്പടെയുള്ള വിവരങ്ങൾ മന്ത്രാലയം ഇത് വരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ അവസാന അറിയിപ്പ് അനുസരിച്ച്, യാത്രക്കുള്ള പിസിആർ ഒഴികെയുള്ളവയ്ക്ക് രാജ്യത്തെ 28 പിഎച്സിസി കേന്ദ്രങ്ങളിലും സൗജന്യ ടെസ്റ്റ് ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button