ഖത്തറിലേക്ക് വരുന്നതും പോകുന്നതുമായ യാത്രക്കാർക്ക് സുപ്രധാന അറിയിപ്പുമായി കസ്റ്റംസ്
ഖത്തറിലേക്ക് വരുമ്പോഴും ഖത്തറിൽ നിന്ന് പുറത്തുപോകുമ്പോഴും ഏതെങ്കിലും കറൻസി, ഫിനാൻഷ്യൽ ബെയറർ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റുകൾ, 50000 ഖത്തർ റിയാലിനോ അതിന് തുല്യമായ വിദേശ കറൻസി മൂല്യമുള്ളതോ ആയ ലോഹമോ കല്ലുകളോ കൈവശമുള്ളവർ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.
വായു, കടൽ, കര മാർഗമുള്ള യാത്രകൾക്കെല്ലാം ഇത് ബാധകമാണ്. അതാത് ഔട്ട്ലെറ്റുകളിലെ കസ്റ്റംസ് ഡിക്ലറേഷൻ ഓഫീസിൽ വെച്ചാണു ഫോം പൂരിപ്പിച്ച് നൽകേണ്ടത്. ഇത് കൂടാതെ കസ്റ്റംസ് ഓഫീസർ മറ്റു സംശയങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അതിനോട് സഹകരിക്കുകയും ചെയ്യണമെന്ന് ജി.എ. സി അറിയിക്കുന്നു.
ഖത്തർ കറൻസികൾ, മറ്റ് വിദേശ കറൻസികൾ, നെഗോഷ്യബിൾ കറൻസികൾ, ചെക്ക്, പ്രോമിസറി നോട്ട്സ്, ഒപ്പിട്ട മണി ഓർഡറുകൾ തുടങ്ങിയ ഫിനാൻഷ്യൽ ഇൻസ്ട്രുമെന്റ്സ് വിലയേറിയ ലോഹങ്ങളായ സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രങ്ങൾ, മരതകം, മാണിക്യങ്ങൾ, നീലക്കല്ലുകൾ, മുത്തുകൾ എന്നിവയ്ക്കെല്ലാം ഡിക്ലറേഷൻ ഫോം ബാധകമാകും.
ഈ വസ്തുക്കളെ കുറിച്ചു തെറ്റായ വിവരങ്ങൾ നൽകിയാൽ വസ്തുക്കൾ കണ്ടുകെട്ടുന്നതിനു പുറമേ മൂന്ന് വർഷം വരെ തടവോ 100,000 റിയാൽ മുതൽ 500,000 റിയാൽ വരെ പിഴയോ ശിക്ഷയായി ലഭിക്കും.