ഖത്തറിൽ വാർഷിക സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ ക്യാമ്പയിൻ സെപ്റ്റംബർ 1, ബുധനാഴ്ച മുതൽ ആരംഭിച്ചതായി, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പിഎച്ച്സിസി എന്നിവർ സംയുക്തമായി അറിയിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, എച്ച്എംസി ഔപേഷ്യന്റ് ക്ലിനിക്കുകൾ, ഖത്തറിലുടനീളമുള്ള 45 സ്വകാര്യ, അർദ്ധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സൗജന്യമായി ഇൻഫ്ളുവൻസ പ്രതിരോധ വാക്സീൻ ലഭ്യമാണ്.
ഈ വർഷം ഖത്തറിൽ സാധാരണയേക്കാൾ നേരത്തെ ഫ്ലൂ സീസൺ ആരംഭിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയതിനാലാണ് വാക്സിനേഷൻ ക്യാംപെയ്നും നേരത്തെ ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഇൻഫ്ലുവൻസ വാക്സീനെടുക്കേണ്ടതിന്റെ പ്രാധാന്യം കൂടുതലാണ്. രണ്ടിന്റെയും ലക്ഷണങ്ങൾ സമാനമാണെങ്കിലും ഒരു വാക്സീൻ മറ്റൊന്നിന് പ്രതിവിധി അല്ലെന്നും രണ്ട് രോഗങ്ങൾക്കുമുള്ള വാക്സീൻ എടുക്കേണ്ടതുണ്ടെന്നും, കോവിഡ് നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്എംസിയിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അറിയിച്ചു. ഒന്ന് മറ്റൊന്നിന്റെ പ്രതിരോധ ശേഷി കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിൽ ഇൻഫ്ലുവൻസ വാക്സിൻ ലഭിക്കുന്ന സ്ഥലങ്ങൾ, ഫ്ലൂ, കോവിഡ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മുതലായവയ്ക്കായി www.fighttheflu.qa എന്ന വെബ്സൈറ്റ് സന്ദർശിക്കുക.