ദോഹ: ഖത്തറിൽ ഇന്ന് 208 പേർക്ക് കൂടി കോവിഡ് രോഗമുക്തി ആയതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിലും കുറഞ്ഞു. 1986 പേരാണ് നിലവിൽ രോഗികളായുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 21915 ടെസ്റ്റുകളിലായി രോഗബാധ കണ്ടെത്തിയവർ 127 ആണ്. ഇതിൽ 92 പേർ ഖത്തറിലുള്ളവരും 35 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ചികിൽസയിലായിരുന്ന രണ്ട് പേർ മരണപ്പെട്ടതോടെ ഇത് വരെ ആകെ മരണം 581.
കോവിഡ് രോഗികൾ രണ്ടായിരത്തിലും താഴെ എത്തിയതോടെ രാജ്യത്ത് രോഗം ഏറെക്കുറെ പൂർണമായും നിയന്ത്രണവിധേയമായിരിക്കുകയാണ്. ഇതോടെ ജൂണ് 18, നാളെ മുതൽ രണ്ടാം ഘട്ട ഇളവുകൾ തുടങ്ങും. തൊഴില് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അനുവദനീയ പരിധി 80% വരെ ഉയർത്തിയ ഈ ഘട്ടത്തിൽ, പല മേഖലകളിലും ഉപഭോക്താക്കളുടെ പ്രവേശനാനുമതി ആകെ ശേഷിയുടെ 30% ൽ നിന്ന് 40 മുതൽ 50% വരെ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വാക്സീൻ എടുത്ത 75% പേർക്കൊപ്പം നിശ്ചിത ശേഷിയിൽ പ്രവർത്തിക്കുന്ന അമ്യൂസ്മെന്റ് പാർക്ക്, വിവാഹച്ചടങ്ങ്, സിനിമ തിയേറ്റർ, സ്പോട്ട്സ് ഇവന്റുകൾ മുതലായവയിൽ വാക്സീൻ എടുക്കാത്ത 25% പേരെ കൂടി പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്.
അതേ സമയം മാസ്‌ക്, ഇഹ്തിരോസ് ആപ്പ് ഉപയോഗം, സാമൂഹ്യ അകലം, സാനിടൈസർ ഉപയോഗം മുതലായ അടിസ്ഥാന കോവിഡ് പ്രോട്ടോക്കോളുകൾ ഏവരും തുടരേണ്ടതാണ്.