2022 ലോകകപ്പിന് രാജ്യം പൂർണ്ണ സജ്ജർ; ഖത്തർ റഷ്യയിലെ ഏറ്റവും വലിയ നിക്ഷേപകർ, അന്തർദേശീയ ഇക്കോണമിക്ക് ഫോറത്തിൽ അമീർ ഷെയ്ഖ് തമീം
ദോഹ: 2022 ലോകകപ്പിന് ഖത്തർ പൂർണ്ണമായും തയ്യാറെടുത്തതായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി. റഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്സ്ബർഗ് ലോക ഇക്കോണമിക്ക് സമ്മേളനത്തിൽ വീഡിയോ കോണ്ഫറൻസിലൂടെ സംവാദിക്കുകയായിരുന്നു അദ്ദേഹം. സെഷനിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുട്ടിൻ, ഓസ്‌ട്രേലിയൻ ചാന്സ്ലർ സെബാസ്റ്റ്യൻ കുർസ് എന്നിവരും പങ്കെടുത്തു.
കോവിഡ് പ്രതിസന്ധി ലോകകപ്പിന്റെ അടിസ്ഥാന സൗകര്യ, നിർമ്മാണ പ്രവൃത്തികളെ ബാധിച്ചിട്ടില്ല, ലോകകപ്പ് തിയ്യതിക്ക് ഒരു വർഷത്തോളം മുൻപ് ഈ വർഷം നവംബറിൽ ഖത്തർ പ്രഥമ ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനും ഒരുങ്ങുകയാണ്, അമീറിന്റെ വാക്കുകൾ.
റഷ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപക രാജ്യങ്ങളിലൊന്നാണ് ഖത്തർ എന്നു ചൂണ്ടികാട്ടിയ അമീർ ഷെയ്ഖ് തമീം പല മേഖലകളിലായി 13 ബില്യണ് ഡോളറിലധികമാണ് ഖത്തറിന്റെ നിക്ഷേപമെന്നും ഭാവിയിൽ അത് ഇരട്ടിയാക്കുമെന്നു വിശ്വസിക്കുന്നതായും വിശദീകരിച്ചു. 2018 ലോകകപ്പിന് ശേഷം ഖത്തർ-റഷ്യ ടൂറിസം മേഖലയിലുള്ള സഹകരണം ഇരട്ടിച്ചതായും അമീർ പറഞ്ഞു.
ഖത്തറിന്റെ ഓയിൽ ആന്റ് ഗ്യാസ് വ്യവസായത്തിൽ വാതക ഉത്പാദനം 2026 ഓടെ 40% വർദ്ധിക്കുമെന്നും അമീർ പ്രസ്താവിച്ചു. പരിസ്ഥിതി സൗഹാർദ്ദമായി മേഖലയെ മാറ്റുന്ന രീതിയിൽ വരുംമാസങ്ങളിൽ ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ആഗോളയോഗത്തിന് ഖത്തർ ആതിഥേയത്യം അരുളാൻ ഇരിക്കുകയാണ്, അദ്ദേഹം അറിയിച്ചു.