ജിസിസി ഉച്ചകോടിക്കായി ഷെയ്ഖ് തമീം സൗദിയിൽ
റിയാദ്: 42-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിക്കായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചൊവ്വാഴ്ച സൗദി അറേബ്യയിലെത്തി. റിയാദിലെ ദിരിയ കൊട്ടാരത്തിൽ ഇന്ന് വൈകുന്നേരം നടന്ന 42-ാമത് സെഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു.
ഗൾഫ് പ്രതിസന്ധി അനുരഞ്ജനമായ അൽ ഉല പ്രഖ്യാപനത്തിന് ശേഷം ഗൾഫ് നേതാക്കൾ തമ്മിലുള്ള ഏറ്റവും പുതിയ കൂടിക്കാഴ്ചയാണ് ഈ വർഷത്തെ ജിസിസി സമ്മിറ്റ്. മേഖലയ്ക്കാകെ ‘പോസിറ്റീവ്’ കാലാവസ്ഥയെന്നാണ് വിശകലന വിദഗ്ധർ സമ്മേളനത്തെ വിശേഷിപ്പിക്കുന്നത്.
ഈ വർഷം ജനുവരി 5 ന് നടന്ന 41-ാമത് ജിസിസി ഉച്ചകോടിയിൽ, ഗൾഫിലെയും ഈജിപ്തിലെയും രാജ്യങ്ങൾ അൽ-ഉല പ്രഖ്യാപനത്തിൽ ഒപ്പുവക്കുകയും ഖത്തറും ഖത്തറിനെതിരെ ഉപരോധം നടത്തിയ ക്വാർട്ടറ്റും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. പുതിയ ഉച്ചകോടിയുടെ അജണ്ടയിൽ ഇറാനിയൻ ആണവ പ്രശ്നവും മേഖലയിൽ ഇറാന്റെ ആണവ പ്രവർത്തനത്തിന്റെ സ്വാധീനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
സൗദി അറേബ്യയും യുഎഇയും ഇറാനുമായി അവരുടേതായ എതിർപ്പുകൾ തുടരുമ്പോൾ തന്നെ രണ്ട് ഗൾഫ് രാജ്യങ്ങളും അവരുടെ വിദേശ നയങ്ങളിൽ മാറ്റം വരുത്തുകയും ടെഹ്‌റാനിലെ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഇറാൻ “നല്ല ഉദ്ദേശ്യത്തിന്റെ സൂചനകൾ” നൽകണമെന്ന് ഉച്ചകോടിക്ക് മുന്നോടിയായി, GCC സെക്രട്ടറി ജനറൽ നായിഫ് അൽ-ഹജ്‌റഫ് സൗദി ടിവിയോട് പറഞ്ഞു, അതിനിടെ, സിറിയ, ലിബിയ, യെമൻ, പലസ്തീൻ വിഷയങ്ങളിലെ സംഭവവികാസങ്ങളും ഉച്ചകോടി ചർച്ച ചെയ്യുമെന്ന് ഖത്തർ ടെലിവിഷൻ റിപ്പോർട്ടർ അബ്ദുല്ല അൽ മുറൈഖി ചൊവ്വാഴ്ച അറിയിച്ചു.
അൽ-ഉല പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന് ശേഷമുള്ള പുരോഗതിയും കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക സഹകരണവും ഉൾപ്പെടെ വിവിധ മേഖലകളിലെ കൂടുതൽ സഹകരണവും വരാനിരിക്കുന്ന സെഷൻ ചർച്ച ചെയ്യുന്നുണ്ട്. ഉച്ചകോടിക്ക് ഒരാഴ്ച മുമ്പുള്ള തന്റെ ഏറ്റവും പുതിയ ഗൾഫ് പര്യടനത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്പർശിച്ച മേഖലകളായിരുന്നു അവ.
ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുൾപ്പെടെ ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങൾ ഉൾപ്പെടുന്ന GCC 1981-ലാണ് രൂപീകരിച്ചത്. അംഗങ്ങൾ തമ്മിലുള്ള സംയുക്ത സുരക്ഷ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുന്നതിനുമായാണ് വാർഷിക ഉച്ചകോടികൾ നടത്തുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിൽ സദ്ദാം ഹുസൈൻ നടത്തിയ മാരകമായ അധിനിവേശത്തോടെ ആരംഭിച്ച 1980-ലെ ഇറാൻ-ഇറാഖ് യുദ്ധത്തെ തുടർന്നുള്ള ഭീഷണികളിൽ നിന്ന് രാജ്യങ്ങളെ സംരക്ഷിക്കുക എന്നതും ലക്ഷ്യമായിരുന്നു.
ജിസിസിക്ക് ആറ് പ്രധാന ശാഖകളുണ്ട്: സുപ്രീം കൗൺസിൽ; മന്ത്രിതല സമിതി; സെക്രട്ടേറിയറ്റ് ജനറൽ; സുപ്രീം കൗൺസിലിന്റെ കൺസൾട്ടേറ്റീവ് കമ്മീഷൻ; തർക്ക പരിഹാര കമ്മീഷൻ; സെക്രട്ടറി ജനറൽ എന്നിവയാണവ.