ഖത്തർ അമീർ വീണ്ടും സൗദിയിൽ; മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ പങ്കെടുക്കും
സൗദിയിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി റിയാദിലെത്തി. ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ക്ഷണിച്ചതായി അമീരി ദിവാൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മെയിലെ സൗഹൃദ സന്ദർശനത്തിന് ശേഷം അമീർ വീണ്ടും സൗദിയിൽ എത്തുകയാണ് ഇപ്പോൾ. ‘അൽ ഉല പ്രഖ്യാപന’ത്തിന് ശേഷമുള്ള മൂന്നാമത് സന്ദർശനം കൂടിയാണിത്.
പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥാ വ്യതിയാനം എന്നിവ ചർച്ചയാവുന്ന ഉച്ചകോടിയിൽ 20 രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുന്നത്. അറബ് മേഖലയിൽ 50 ബില്യണ് മരങ്ങൾ നട്ടുപിടിപ്പിക്കുക, കാര്ബണ് എമിഷൻ 10% കുറക്കുക തുടങ്ങിയവ യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
രാഷ്ട്രത്തലവന്മാർക്ക് പുറമെ വിവിധ അന്താരാഷ്ട്ര കമ്പനി സിഇഒമാർ, മറ്റു വിദ്യാഭ്യാസ, പാരിസ്‌ഥിതിക വിദഗ്ധർ തുടങ്ങിയവരും ഉച്ചകോടിയുടെ ഭാഗമാകും. ഖത്തർ അമീർ ഷെയ്ഖ് തമീമിനെ ഉന്നതാധികാര സംഘവും റിയാദിൽ അനുഗമിച്ചിട്ടുണ്ട്. ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ ലോകകപ്പ് പോലെയുള്ള ആശയങ്ങൾ ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയുടെ ഭാഗമായി ചർച്ച ചെയ്യപ്പെടും.