BusinessQatar

ലോകത്തെ മികച്ച എയർലൈനായി ഖത്തർ എയർവെയ്‌സ്; പുരസ്‌കാരനിറവിൽ വീണ്ടും

ഖത്തർ എയർവെയ്‌സിന്റെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി. വ്യോമയാന മേഖലയിലെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ എയർലൈൻ റേറ്റിംഗിന്റെ 2021 ലെ ‘എയർലൈൻ ഓഫ് ദ ഇയർ’ പുരസ്‌കാരം നേടിക്കൊണ്ടാണ് ഖത്തർ എയർവെയ്‌സ് അംഗീകാരപാതയിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്. ഇതിന് പുറമെ, മിഡിൽ ഈസ്റ്റിലെ മികച്ച എയര്ലൈൻ, മികച്ച കാറ്ററിംഗ് സേവനം, മികച്ച ബിസിനസ്‌ക്ലാസ് എന്നീ അംഗീകാരങ്ങളും ഖത്തർ എയർവേയ്സിനാണ്. മികച്ച ബിസിനസ് ക്ലാസ് പുരസ്‌ക്കാരം തുടർച്ചയായ മൂന്നാം തവണയാണ് ഖത്തർ എയർവെയ്‌സിനെ തേടിയെത്തുന്നത്. വ്യോമയാന മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ കൃത്യമായ മാനദണ്ഡങ്ങൾക്കും കർശനമായ മൂല്യനിർണയങ്ങൾക്കും വിധേയമായി, ഉത്പന്ന നൂതനത്വം, റൂട്ട് നെറ്റ്‌വർക്ക്, സുരക്ഷിതത്വം മുതലായവ വിലയിരുത്തിയാണ് എയർലൈൻ റേറ്റിംഗ് അവാർഡ് നിശ്ചയിക്കുന്നത്. 

കഴിഞ്ഞ 16 മാസങ്ങളിലായി ഏവിയേഷൻ വ്യവസായത്തിന് ഇരുളടഞ്ഞ ദിവസങ്ങളായിരുന്നു. എന്നാൽ മറ്റു പല എയർലൈനുകളും സർവീസ് നിർത്തിവച്ച ആ സമയത്തും ഖത്തർ എയർവെയ്‌സ് യാത്രക്കാരെ വഹിക്കുക എന്ന ദൗത്യം വിജയകരമായി തുടർന്നതായി സി.ഇ.ഒ അക്‌ബർ അൽ ബക്കെർ പറഞ്ഞു. അതേ സമയം, മൂന്നാം തവണയും ബിസിനസ് ക്ലാസ് അവാർഡ് നേടിയെടുക്കാൻ കാരണമായ ക്യുസ്യൂട്ട് സംവിധാനമാണ് ഖത്തർ എയർവെയ്‌സ് മുന്നോട്ട് വെക്കുന്ന പുതിയ ആശയങ്ങളിൽ ഒന്ന്. ബിസിനസ് ക്ലാസ് കാബിനുകളിൽ ഫസ്റ്റ് ക്ലാസ് സേവനം ലഭ്യമാക്കുന്ന ക്യൂസ്യൂട്ട്, ബിസിനസ്സ് ക്ലാസുകളിൽ ആദ്യമായി ഡബിൾ ബെഡ് സൗകര്യം ഒരുക്കുന്നു. ഒപ്പം പ്രൈവസി പാനലുകൾ കൊണ്ട് മറച്ചു തൊട്ടടുത്ത സീറ്റുകളിലെ യാത്രക്കാർക്ക് സ്വകാര്യമായ താത്കാലിക മുറികൾ സൃഷ്ടിക്കാൻ സാധിക്കുന്നതാണ് ഈ സംവിധാനം. വിമാനങ്ങളിൽ ആദ്യമായാണ് സമാനമായ സൗകര്യം ഒരുങ്ങുന്നത്. 

ഖത്തറിന്റെ ദേശീയ വ്യോമയാന സർവീസായ ഖത്തർ എയർവെയ്‌സ് നിലവിൽ 140 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

Related Articles

Back to top button