അയാട്ടയുടെ ‘ഡിജിറ്റൽ പാസ്പോർട്ട്’ സംവിധാനം ആദ്യം പരീക്ഷിക്കാനൊരുങ്ങി ഖത്തർ എയർവെയ്‌സ്
ദോഹ: കോവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ‘ഡിജിറ്റൽ പാസ്‌പോർട്ട്’ സേവനമായ ‘അയാട്ട ട്രാവൽ പാസ്’ മൊബൈൽ ആപ്ലിക്കേഷനിലെ കോവിഡ് വാക്സിനേഷൻ ഓതന്റിക്കേഷൻ സംവിധാനം പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യ വിമാനസർവീസ് ആവാൻ ഖത്തർ എയർവെയ്‌സ്.
ജൂലൈയിൽ തുടങ്ങുന്ന ട്രയലിന്റെ ആദ്യഘട്ടത്തിൽ കുവൈറ്റ്, ലണ്ടൻ, ലോസ് ആഞ്ചൽസ്, ന്യൂയോർക്ക്, പാരീസ്, സിഡ്‌നി, എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് വരുന്ന കാബിൻക്രൂ അംഗങ്ങൾക്കാണ് അയാട്ട ട്രാവൽ പാസ് മൊബൈൽ ആപ്പിലൂടെ വാക്സിനേഷനും ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട് ഖത്തർ ഇഷ്യു ചെയ്ത രേഖകൾ ആപ്പിൽ ഡിജിറ്റലായി അപ്ലോഡ് ചെയ്ത് പേപ്പർ രഹിതമായി നടപടികൾ പൂർത്തിയാക്കാൻ സാധിക്കുക. തുടർന്ന് സൗകര്യം സാധാരണ യാത്രക്കാരിലേക്ക് വിപുലീകരിക്കും.
ഖത്തർ എയർവെയ്‌സും സർക്കാരും അയാട്ട ഡിജിറ്റൽ പാസ്‌പോർട്ടിന്റെ പ്രയോഗത്തിൽ ലോകത്തിന് മാതൃക കാണിച്ച് നേതൃത്വം വഹിക്കുകയാണെന്നും കോവിഡ് അനുബന്ധ രേഖകൾ തീർത്തും ഡിജിറ്റലായി കൈകാര്യം ചെയ്യാനുള്ള സങ്കേതം ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കുന്നതിൽ നിർണ്ണായകമാണെന്നും അയാട്ട ഡയറക്ടർ-ജനറൽ വില്ലീ വാഴ്‌ഷ് പറഞ്ഞു. അയാട്ട ട്രാവൽ പാസ് ഉപയോഗിച്ചുകൊണ്ടുള്ള ഈ പരീക്ഷണം പ്രസ്തുത സംവിധാനത്തിന് മേൽ യാത്രക്കാർക്കും ഗവണ്മെന്റുകൾക്കും വിമാനക്കമ്പനികൾക്കുമുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും ഖത്തർ എയർവെയ്‌സ് പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറുകയാണെന്നും കോവിഡ് രേഖകൾ ഡിജിറ്റൽ പാസ്പോർട്ടിലേക്ക് മാറ്റുന്ന പ്രക്രിയ ഖത്തർ ആഭ്യന്തര, പൊതുജനാരോഗ്യ, പ്രാഥമികാരോഗ്യ വകുപ്പുകളുടെയും ഹമദ് മെഡിക്കൽ കോർപറേഷന്റെയും സഹായമില്ലെങ്കിൽ സാധ്യമാകുമായിരുന്നില്ലെന്നും എയർവെയ്‌സ് ചെയർമാൻ അക്ബർ അൽ ബകെർ പറഞ്ഞു.
#QatarAirways becomes first airline to integrate vaccination certificates in ‘Digital Passport’ mobile app#COVID19Vaccine #Travel https://t.co/6kCmEBHEw8
— The Peninsula Qatar (@PeninsulaQatar) July 2, 2021
.