ഖത്തറിലെ പബ്ലിക് ബസുകളിൽ 73 ശതമാനവും വൈദ്യുതീകരിച്ചുവെന്ന് ഗതാഗതമന്ത്രി
ഖത്തറിൻ്റെ പബ്ലിക് ബസ് ഫ്ളീറ്റിലെ 73 ശതമാനവും ഇപ്പോൾ വൈദ്യുതീകരിച്ചതായി ഗതാഗത മന്ത്രി ജാസിം സെയ്‌ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു. ശുദ്ധമായ ഊർജം, വൈദ്യുതീകരണം, സ്മാർട്ട് മൊബിലിറ്റി, കാര്യക്ഷമമായ ഭൂഗതാഗത മാനേജ്മെൻ്റ് എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള നിരവധി സംരംഭങ്ങൾ ഉൾപ്പെടുന്ന ഖത്തറിൻ്റെ ഗതാഗത മാസ്റ്റർ പ്ലാനിൻ്റെ സുസ്ഥിരത പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബീജിംഗിൽ നടന്ന ഗ്ലോബൽ സസ്റ്റൈനബിൾ ട്രാൻസ്‌പോർട്ട് ഫോറം 2024ൽ സംസാരിച്ച സുലൈത്തി, ട്രാഫിക് കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി ശാശ്വതമായ പാരമ്പര്യം സൃഷ്ടിക്കുന്നതിനും ഈ ഘടകങ്ങൾ സമന്വയിപ്പിക്കണമെന്ന് വെളിപ്പെടുത്തി. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിനും സർക്കാരുകൾക്കും ബിസിനസുകൾക്കും സുസ്ഥിര ഗതാഗതം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുഗമവും കാര്യക്ഷമവുമായ ഗതാഗതത്തിനു വേണ്ടിയുള്ള ഖത്തറിൻ്റെ കാഴ്ച്ചപ്പാട് സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും അനിവാര്യമാണെന്ന് സുലൈത്തി ഊന്നിപ്പറഞ്ഞു. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ സർക്കാരുകളും സ്വകാര്യമേഖലയും സിവിൽ സമൂഹവും സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്തർ അതിൻ്റെ ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്നും സുസ്ഥിര പൊതുഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നതിന് യുഎന്നുമായും ആഗോള പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.