ബിഗ് ബീച്ച് ക്ലീനപ്പിന്റെ ഭാഗമായി ബീച്ചുകളിൽ നിന്നും മൂന്നു ടൺ മാലിന്യം നീക്കം ചെയ്‌ത് മന്ത്രാലയങ്ങൾ
ബിഗ് ബീച്ച് ക്ലീനപ്പ് കാമ്പയിനിൻ്റെ ഭാഗമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്ന് രാജ്യത്തുടനീളമുള്ള ബീച്ചുകളിൽ നിന്ന് മൂന്ന് ടൺ മാലിന്യം നീക്കം ചെയ്‌തു.
ലോക ശുചീകരണ ദിനാചരണത്തിൽ, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ സെക്രീത് ബീച്ച്, അൽ വക്ര പബ്ലിക് ബീച്ച്, അൽ ദാക്കിറ പബ്ലിക് ബീച്ച്, സിമൈസ്മ പബ്ലിക് ബീച്ച്, അൽ ഖുവൈർ ബീച്ച് എന്നിവയുൾപ്പെടെ നിരവധി ബീച്ചുകൾ വൃത്തിയാക്കാൻ സഹായിച്ചു. സെപ്റ്റംബർ 19 മുതൽ 21 വരെയായിരുന്നു ശുചീകരണം.
ലോക ശുചീകരണ ദിനാചരണത്തിൻ്റെ ഭാഗമായി മറ്റ് ബീച്ചുകളിലും ദ്വീപുകളിലും കൂടുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ബീച്ചുകളും ദ്വീപുകളും സന്ദർശിക്കുന്ന എല്ലാവരെയും 2017 ലെ പൊതു ശുചിത്വ നിയമം നമ്പർ 18 അനുസരിച്ച് നിയുക്ത ചവറ്റുകുട്ടകൾ ഉപയോഗിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.