ഓസ്‌ട്രേലിയൻ വനിതകളെ ഗൈനക്കോളജിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഖത്തർ എയർവേയ്‌സ്
ദോഹയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2020-ൽ വനിതാ യാത്രക്കാരെ ഗൈനക്കോളജിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയ വിവാദ സംഭവത്തിൽ വിശദീകരണവുമായി ഖത്തർ എയർവേയ്‌സ്. സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഖത്തർ എയർവേയ്‌സിന്റെ മുതിർന്ന എക്‌സിക്യൂട്ടീവ് ബുധനാഴ്ച ഓസ്‌ട്രേലിയൻ സെനറ്റ് അന്വേഷണത്തിന് മറുപടിയായി വ്യക്തമാക്കി.
ഈയടുത്ത്, ഖത്തർ എയർവേയ്‌സിന്റെ സിഡ്നിയിലേക്കുള്ള അധിക വിമാനങ്ങൾക്കുള്ള ബിഡ് ഓസ്‌ട്രേലിയൻ സർക്കാർ നിരസിച്ചിരുന്നു. ഓസ്‌ട്രേലിയൻ മാംസ കർഷകർക്ക് ഉൾപ്പെടെ കയറ്റുമതിക്ക് സഹായിക്കുമായിരുന്ന ഉദ്യമം നിരസിച്ചത് രാജ്യത്ത് തന്നെ പ്രതിഷേധങ്ങൾക്ക് കാരണമായി.
ഇതിന് മറുപടിയായി, ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സിഡ്‌നിയിലേക്ക് കയറിയ 13 ഓസ്‌ട്രേലിയൻ വനിതകളുടെ പരിശോധനയാണ് ജൂലൈയിൽ ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയയിലേക്കുള്ള അധിക വിമാനങ്ങൾ നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് കാരണമെന്ന് ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിംഗ് പറഞ്ഞിരുന്നു.
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ അധികൃതർ അന്വേഷിക്കുന്നതിനിടെയുണ്ടായ സംഭവമാണ് പരിശോധനയിലേക്ക് നയിച്ചതെന്ന് ഖത്തർ എയർവേയ്‌സ് സീനിയർ വൈസ് പ്രസിഡന്റ് മാറ്റ് റാവോസ് പറഞ്ഞു.
“ഞങ്ങളുടെ ചരിത്രത്തിൽ ഇതിനുമുമ്പ് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്,” റാവോസ്, കമ്മിറ്റിയോട് വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv