ഖത്തറിൽ വാഹനങ്ങളുടെ പൊതുലേലം ആരംഭിച്ചു
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഖത്തറിൽ വാഹനങ്ങളുടെയും സ്ക്രാപ്പുകളുടെയും പൊതുലേലം ഇന്നലെ മുതൽ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ലേലം ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 1 ലെ വർക്ക്‌ഷോപ്പ് ആന്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിലാണ് നടക്കുക. വൈകിട്ട് 4 മുതൽ 8 വരെയാണ് സമയം.
നിയമപരമായ നിയന്ത്രണങ്ങൾ ഇല്ലാത്ത ട്രാഫിക് വകുപ്പിന്റെ രേഖകളിൽ നിന്ന് എഴുതിതള്ളിയ കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ സെപ്റ്റംബർ 12 മുതൽ അവ വിറ്റ് തീരുന്ന വരെയും ലേലത്തിൽ വെക്കും. മെഷീനറികൾ, സ്ക്രാപ്പുകൾ എന്നിവയ്ക്കായി സെപ്റ്റംബർ 15 ബുധനാഴ്ചയാണ് ലേലം സംഘടിപ്പിക്കുക.
ലേലത്തിൽ പങ്കെടുക്കാൻ 3000 റിയാൽ നൽകി ലേല കാർഡ് വാങ്ങണം. ലേലം അവസാനിക്കുന്ന ദിവസം വരെ പ്രസ്തുത കേന്ദ്രത്തിൽ നിന്ന് രാവിലെ കാർഡ് ലഭ്യമാകും. ലേലം അവസാനിക്കുന്ന ദിവസം തുക തിരികെ ലഭിക്കും. അന്ന് വരെയും കാർഡ് കൈവശം വെക്കാം.
നിശ്ചിത ദിവസത്തിനുള്ളിൽ ലേലത്തുക അടച്ചില്ലെങ്കിൽ ലേലക്കാർഡ് പിൻവലിക്കാൻ വകുപ്പുണ്ട്. ലേല സ്ഥലത്ത് വസ്തുക്കളുടെ പുനർവിൽപനയും അനുവദനീയമല്ല.