കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടി: ദോഹയിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു; ധനമന്ത്രി മുഖ്യാതിഥിയായി
കെ.എസ്.എഫ്.ഇയുടെ പ്രവാസി നിക്ഷേപ പദ്ധതിയായ പ്രവാസിച്ചിട്ടിയെ കൂടുതൽ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനായി കെ.എസ്.എഫ്.ഇ ആരംഭിച്ച ജിസിസി പര്യടനത്തിന്റെ ഭാഗമായി ദോഹയിൽ ഒക്ടോബർ 6 ന് പ്രവാസി സംഗമം സംഘടിപ്പിച്ചു. ദോഹയിലെ ഷാസ ദോഹ ഹോട്ടലിൽ വൈകിട്ട് 6 ന് നടന്ന ചടങ്ങിൽ കേരള ധനമന്ത്രി അഡ്വ.കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി.
കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മാനേജിങ്ങ് ഡയറക്ടർ ഡോ.എസ്.കെ. സാനിൽ, കെ.എസ്.എഫ്.ഇ. ഡയറക്ടർമാരായ അഡ്വ.യു .പി ജോസഫ്, അഡ. എം.സി.രാഘവൻ, കൂടാതെ മറ്റു കെ.എസ്.എഫ്.ഇ. ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന സംഘം ചടങ്ങിൽ പര്യടനത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘവും പങ്കുകൊണ്ടു.
പ്രവാസി മലയാളികൾക്ക് തങ്ങളുടെ ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉപയുക്തമായ ഉത്തമ സമ്പാദ്യ പദ്ധതി എന്ന നിലയിൽ പ്രവാസിച്ചിട്ടിയെ ജിസിസി രാജ്യങ്ങളിൽ വ്യാപിപ്പിക്കുന്നതിനായി പ്രവാസി മീറ്റിലൂടെ ഏജൻസി സമ്പ്രദായം കെ.എസ്.എഫ്.ഇ. ഉദ്ദേശിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ എസ്.കെ പറഞ്ഞു.
ജിസിസി രാജ്യങ്ങളിൽ 2024 ഒക്ടോബർ 3 മുതൽ 12 വരെയാണ് പര്യടനം നടക്കുന്നത്. ഒക്ടോബർ 3,4,5 തിയ്യതികളിൽ ഈ സംഘം സൗദി അറേബ്യയിലെ ദമാം. റിയാദ്, ജെദ്ദ എന്നീ നഗരങ്ങളിൽ പ്രവാസി മീറ്റ് നടത്തുകയുണ്ടായി.
പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ലഭ്യമാക്കുന്ന കെ.എസ്.എഫ്.ഇ. യുടെ ഒരു പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങും റിയാദിൽ വെച്ച് ധനമന്ത്രി നിർവ്വഹിച്ചു. കെ.എസ്.എഫ്.ഇ. ഡ്യൂവോ എന്ന പേരിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരേ സമയം ചിട്ടിയുടേയും നിക്ഷേപത്തിന്റേയും ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. പ്രവാസിച്ചിട്ടിയുമായി ബന്ധിപ്പിച്ച് ആരംഭിക്കുന്ന ഈ പദ്ധതി അതിനാൽ തന്നെ പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം സമ്മാനിക്കുന്നു.
പ്രവാസി മലയാളികളുടെ സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക നേട്ടവും മുൻ നിർത്തി കെ.എസ് എഫ്.ഇ. 2018 ൽ ആരംഭിച്ച പദ്ധതിയാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി. പ്രവാസി മലയാളികൾ പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിലെ പ്രവാസി മലയാളികൾ ഹൃദയംഗമായി സ്വീകരിക്കുകയുണ്ടായി. ഇക്കാലയളവിൽ പ്രവാസികളുടെ പ്രിയപ്പെട്ട സാമ്പത്തിക ഉല്പന്നമായി മാറാൻ ഈ പദ്ധതിയ്ക്കായിട്ടുണ്ട്.
ഇടപാടുകാർക്ക് സാമ്പത്തികാദായം ലഭിക്കുന്നതിനൊപ്പം പ്രവാസിച്ചിട്ടി വഴി കെ.എസ്.എഫ്.ഇ.യിൽ എത്തുന്ന പണം കിഫ്‌ബി വഴി കേരള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപകരിക്കുകയും ചെയ്യുന്നു. അതായത് ഒരേ സമയം സാമ്പത്തികാദായവും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ പങ്കാളിത്തവും ഇതു വഴി പ്രവാസി മലയാളികൾക്ക് ലഭിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp