ഹമദ് എയർപോർട്ടിൽ യാത്രക്കാരനിൽ നിന്ന് ‘പ്രീഗാബിലിൻ’ ഗുളികകൾ പിടികൂടി; ഈ മരുന്നുകൾ ശ്രദ്ധിക്കുക
ദോഹ: ഹമദ് എയർപോർട്ടിൽ യാത്രക്കാരനിൽ നിന്ന് മയക്കുഗുളികകൾ പിടികൂടി (എച്ച്ഐഎ) ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്. യാത്രക്കാരന്റെ ബാഗിനുള്ളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ നിരോധിത ഗുളികകളുടെ ഫോട്ടോ കസ്റ്റംസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.130 പ്രീഗാബിലിൻ ക്യാപ്‌സ്യൂളുകളാണ് ബാഗിൽ നിന്ന് കണ്ടെടുത്തത്.
ലിറിക്ക എന്ന ബ്രാൻഡ് നാമത്തിൽ അപസ്മാരവും ഉത്ക്കണ്ഠയും ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന മരുന്നാണ് പ്രീഗാബിലിൻ.
മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകൾ ഖത്തറിലെ യാത്രക്കാർ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റ് നേരത്തെ മുതലേ അറിയിച്ചു വരുന്നുണ്ട്.
ചില മയക്കുമരുന്നുകൾ ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കാമെങ്കിലും അത് ഖത്തറിൽ നിരോധിച്ചിരിക്കാൻ സാധ്യതയുണ്ട്. Lyrica, Teamadol, Alprazolam (Xanax), Diazepam (Valium), Zolam, Clonazepam, Zolpidem, Codene, Methadone, Pregabaline തുടങ്ങിയവ രാജ്യത്ത് നിരോധനമുള്ള മരുന്നുകളാണ്.