ദോഹ: ഖത്തറിൽ ചൂട് കനത്തതോടെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) ഹെൽത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനസമയവും മാറ്റി. വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് പുതിയ പ്രവർത്തന സമയം. രാത്രി 10 വരെ എത്തുന്ന അവസാന ആൾക്ക് വരെ പ്രവേശനം അനുവദിക്കും. ജൂണ് 18 വെള്ളിയാഴ്ച മുതലാണ് പുതിയ സമയക്രമം നിലവിൽ വന്നത്.
കാറിലോ സമാനവാഹനത്തിലോ എത്തി വാഹനത്തിനുള്ളിൽ തന്നെ വാക്സീൻ എടുക്കാനുള്ള സൗകര്യമാണ് ഡ്രൈവ് ത്രൂ സെന്ററുകൾ നൽകുന്നത്. സ്വന്തം കാറില്ലാത്തവർക്ക് ടാക്സിയും ഉപയോഗിക്കാം. പകൽ സമയം ചൂട് കനത്തതോടെ സ്റ്റാഫുകൾക്കും വാക്സീനെടുക്കാനെത്തുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് പുതിയ പ്രവർത്തനസമയം.
നേരത്തെ ലുസൈൽ, അൽ വക്ര ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയവും പൊതുജനാരോഗ്യ മന്ത്രാലയം മാറ്റിയിരുന്നു. 239,765 പേർ ഇത് വരെ PHCC കേന്ദ്രങ്ങളിൽ നിന്ന് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.