QatarUncategorized

അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റം: ദോഹയിൽ അടിയന്തര ചർച്ചകൾ

ദോഹ: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ദോഹയിൽ സമാധാനചർച്ചകൾ തുടരുന്നു. തിങ്കളാഴ്ച താലിബന്റേതായി പുറത്തു വന്ന കാബൂൾ പിടിച്ചെടുക്കുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദോഹയിൽ അടിയന്തര ചർച്ചകൾ ആരംഭിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറ് ഫറാ പ്രവിശ്യയുടെ ഉൾപ്പെടെ വിവിധ പ്രവിശ്യകളുടെ കേന്ദ്രങ്ങളുടെ നിയന്ത്രണം താലിബാൻ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്. മസാർ-ഇ-ഷെരീഫിന്റെ പ്രാന്തപ്രദേശങ്ങളിൽ യുദ്ധസമാനമായ പോരാട്ടം തുടരുകയാണ്. പ്രദേശവാസികളെ സായുധീകരിച്ച് താലിബാൻ നീക്കത്തെ തടയാനുള്ള പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ ശ്രമങ്ങൾക്കിടെ, സർക്കാർ അനുരഞ്ജനത്തിന് വഴങ്ങിയില്ലെങ്കിൽ കാബൂൾ ആക്രമിക്കുമെന്നായിരുന്നു താലിബാൻ ഭീഷണി.

ദോഹയിൽ ചൊവ്വാഴ്ച സമാപിച്ച ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷം യുഎസ്സും റഷ്യയും പങ്കെടുക്കുന്ന ചർച്ചകൾ ഇന്ന് നടക്കും. പ്രാദേശികവും അന്തർദേശീയവുമായ ഘടകങ്ങളെ ഏകോപിപ്പിച്ച് അഫ്‌ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതാവും ചർച്ചയുടെ മുഖ്യ അജണ്ട. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ചൈന, പാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ എൻവോയ്മാരും ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥ വൃന്ദങ്ങളും ചൊവ്വാഴ്ച്ചത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു.

അഫ്‌ഗാനിലെ സാധാരണ ജനങ്ങളുടെ കൊലപാതകങ്ങൾ തടയാൻ സർവ രാജ്യങ്ങളും തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച് മുന്നോട്ട് വരണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈ കമ്മീഷണർ മൈക്കൽ ബാച്ച്ലെറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണങ്ങളിൽ ജൂലൈ 9 മുതൽ 183 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടതായും 4 നഗരങ്ങളിൽ നിന്നായി 1200 പേർക്ക് പരിക്കേറ്റതായും 240000 പേർ ഈ വർഷം മാത്രം പാലായനം ചെയ്തതായും അദ്ദേഹം അറിയിച്ചു. ഈ മാസം മാത്രം നാലായിരത്തോളം പേർ റെഡ് ക്രോസ് ആശുപത്രികളിൽ ചികിത്സ തേടിയതായും ഇത് ആക്രമണത്തിന്റെ ഗുരുതര സ്വഭാവം സൂചിപ്പിക്കുന്നതായും റെഡ് ക്രോസ് പ്രതിനിധികൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button