ദീർഘകാല ഖത്തർ പ്രവാസിയും മാധ്യമപ്രവർത്തകനുമായ പി.എ മുബാറക്ക് അന്തരിച്ചു
ദോഹ: 42 വർഷത്തോളമായി ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ പി.എ മുബാറക് അന്തരിച്ചു. 65 വയസ്സായിരുന്നു. മൂന്ന് മാസത്തോളമായി കരൾ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. 1978 മുതൽ ഖത്തറിലെത്തിയ മുബാറക്ക് 25 വർഷത്തോളം ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ ജോലി ചെയ്തു. ചെറുപ്പം മുതൽ ചന്ദ്രിക പത്രവുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം ചന്ദ്രികയുടെ ഖത്തർ കറസ്പോണ്ടന്റ് ആയും സേവനമനുഷ്ഠിച്ചു. 1996 മുതൽ ക്ലിയർ ഫാസ്റ്റ് ട്രേഡിംഗ് എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ച് ബിസിനസ് രംഗത്ത് സജീവമായി. ഖത്തർ കെഎംസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു.
ഭാര്യ നജിയാ ബീവി കഴിഞ്ഞ ഏപ്രിലിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. നദിയ ഷമീൻ, ഫാത്തിമ മുബാറക്ക് എന്നിവർ മക്കളും മുഹമ്മദ് ഷമീൻ (ഇത്തിസലാത്ത്, ദുബൈ), പർവേസ് (ഖത്തർ ഫൗണ്ടേഷൻ) എന്നിവർ മരുമക്കളുമാണ്. മൃതദേഹം അബൂഹമൂർ ഖബർസ്ഥാനിൽ സംസ്‌കരിക്കും.