നാവിക പ്രതിരോധത്തിന്റെ വിസ്മയ കാഴ്ചകൾ: ഡിമ്ടെക്സ് 2026 രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ ഇന്റർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് (DIMDEX) 2026-ന്റെ ഒമ്പതാമത് പതിപ്പിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനുവരി 19 മുതൽ 22 വരെ ഖത്തർ നാഷണൽ കോൺവെൻഷൻ സെന്ററിലാണ് പ്രദർശനവും സമ്മേളനവും നടക്കുക. പ്രദർശകരും പങ്കാളികളും സന്ദർശകരും ഉൾപ്പെടെ എല്ലാവർക്കും ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി, ഖത്തർ ആഭ്യന്തര മന്ത്രാലയവുമായി (MoI) സഹകരിച്ച് DIMDEX പുതിയ രജിസ്ട്രേഷൻ, അക്രഡിറ്റേഷൻ സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
www.dimdex.com എന്ന വെബ്സൈറ്റിലെ പ്രത്യേക ഓൺലൈൻ ലിങ്ക് വഴിയാണ് ഇപ്പോൾ രജിസ്ട്രേഷൻ നടത്തേണ്ടത്. വിസ ആവശ്യമായ അന്താരാഷ്ട്ര പങ്കാളികൾക്ക് ഈ സംവിധാനം വലിയ ആശ്വാസമാകും. രജിസ്ട്രേഷനോടൊപ്പം തന്നെ ഹയ്യ വിസ അപേക്ഷയും സിസ്റ്റം വഴി പ്രോസസ് ചെയ്യുന്നതായിരിക്കും. ഇതോടെ hayya.qa പ്ലാറ്റ്ഫോമിലൂടെ വേറെ അപേക്ഷ നൽകേണ്ടതില്ല, പ്രവേശന നടപടികൾ വേഗത്തിലും ലളിതമായും പൂർത്തിയാക്കാം.
ഉന്നത പ്രതിരോധ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും ദീർഘകാല പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലോകോത്തര വേദി ഒരുക്കുന്നതിലൂടെ ഖത്തറിന്റെ പ്രതിബദ്ധത DIMDEX വീണ്ടും ഉറപ്പിക്കുന്നു.
ആയിരക്കണക്കിന് പങ്കാളികളെയും സന്ദർശകരെയും ആകർഷിക്കുന്ന ഈ പ്രദർശനം ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ദീർഘകാല ലക്ഷ്യങ്ങളോടും ഇത് പൂർണ്ണമായും ഒത്തുചേരുന്നതാണ്.




