എ-റിങ് റോഡിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി ഒരു പാത!
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എ-റിങ് റോഡിൽ പൊതു ബസുകൾക്കും ടാക്സികൾക്കും അംഗീകൃത വാഹനങ്ങൾക്കും മാത്രമായി ഒരു പാത തുറക്കുന്നു.
പൊതുഗതാഗത ബസുകൾ, ടാക്സികൾ, എമർജൻസി വാഹനങ്ങൾ പോലുള്ള അംഗീകൃത വാഹനങ്ങൾ എന്നിവയ്ക്കായി പുതിയ പാത നിയുക്തമാക്കുമെന്ന് കോർണിഷ് ക്ലോഷർ കമ്മിറ്റിയുടെ ടെക്നിക്കൽ ടീം തലവൻ ഖാലിദ് നാസർ അൽ മുല്ല ചൂണ്ടിക്കാട്ടി.
പൊതു ബസുകൾക്കായി ഒരു നിയുക്ത പാത യാത്രാ സമയവും വ്യക്തിഗത വാഹനങ്ങളുടെ എണ്ണവും കുറയ്ക്കുമെന്നും ഇത് പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകട സ്ഥലങ്ങളിലേക്ക് പോലീസും അത്യാഹിത വാഹനങ്ങളും വേഗത്തിൽ എത്തിച്ചേരുന്നതിനും ഈ പാത സഹായിക്കും.
ഫിഫ ലോകകപ്പ് വേളയിൽ ആയിരക്കണക്കിന് ആരാധകർക്ക് സുഗമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത അനുഭവം പ്രദാനം ചെയ്യാൻ ബസ് പാത സഹായിക്കുമെന്ന് എസ്‌സിയിലെ മൊബിലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ മൗലവി പറഞ്ഞു.
ലോകകപ്പ് സമയത്തെ യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം, CO2 ബഹിർഗമനവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനും ബസ് പാത കാര്യമായ പങ്കുവഹിക്കുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ സലേഹ് സയീദ് അൽ മാരി പറഞ്ഞു.
ദോഹ സെൻട്രലിലെ പ്രധാന കവലകളിൽ വൈദ്യുതോർജ്ജത്തിൽ പരിസ്ഥിതി സൗഹൃദ ബസുകൾ ഓടുന്നതിനാൽ വ്യക്തിഗത വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ടൂർണമെന്റിൽ സ്വീകരിക്കുന്ന നടപടികൾക്ക് അനുസൃതമായാണ് പൊതുവാഹനങ്ങൾക്ക് മാത്രമായുള്ള പാത തുറക്കുന്നത്.