“ഒമിക്രോൺ: ഖത്തറിൽ കേസുകൾ ഉയരും; ഗുരുതര ലക്ഷണമില്ലെങ്കിൽ ഹോം ഐസൊലേഷൻ മതി”

ഖത്തറിൽ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം കോവിഡ് കേസുകൾ അതിവേഗം ഉയരാൻ കാരണമാകുമെന്നതിനാൽ വരും ആഴ്ചകളിൽ കൂടുതൽ ആളുകൾ കോവിഡ് പോസിറ്റീവ് ആയിരിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ഗുരുതര രോഗലക്ഷണം ഇല്ലാത്തവർക്ക് വീടുകളിൽ 10 ദിവസം ഹോം ഐസൊലേഷൻ മതിയാകുമെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുതിർന്ന ഉദ്യോഗസ്ഥ പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയവും ഇതേ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. ആദ്യ 5 ദിവസം റൂമിൽ തനിച്ചു കഴിയണം. അടുത്ത 5 ദിനങ്ങളിൽ മുറിയിൽ നിന്ന് ഇറങ്ങി വീടിന്റെ അകത്ത് സഞ്ചരിക്കാമെങ്കിലും ആ സമയം മാസ്‌ക് ധരിക്കണം, ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

 “ഒമിക്രോൺ വേരിയന്റ് ഖത്തറിൽ കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകുന്നു. വരും ആഴ്‌ചകളിൽ പകർച്ചവ്യാധിയുടെ ഒരു പുതിയ തരംഗത്തിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ ആളുകൾ രോഗബാധിതരാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഖത്തറിലും ലോകമെമ്പാടും തന്നെയും  ഒമിക്രോൺ ബാധിച്ച ആളുകൾക്ക്, പ്രത്യേകിച്ച് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ, ഗുരുതരമായ രോഗങ്ങളുടെ നിരക്ക് കുറവാണ്,” ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി വിശദീകരിച്ചു.

 “ഇതിനർത്ഥം വരും ആഴ്‌ചകളിൽ ധാരാളം പേർ പോസിറ്റീവ് ആവാൻ സാധ്യതയുണ്ടെനന്നാണ്, ഇവരിൽ ഭൂരിഭാഗത്തിനും നേരിയതോ മിതമായതോ ആയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ, ഇവർക്ക് വൈദ്യസഹായം ആവശ്യമില്ല.  ഇക്കാരണത്താൽ, കോവിഡ് പോസിറ്റീവ് ആവുന്ന ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവർ അതിന് ശേഷം പത്ത് ദിവസത്തേക്ക് വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞാൽ മതി.  ആശുപത്രിയിലോ സർക്കാർ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല. 50 വയസ്സിന് താഴെയുള്ള, നല്ല ആരോഗ്യമുള്ള ആളുകൾക്ക് ഇത് പ്രത്യേകിച്ചും ബാധകമാണ് ” അവർ വ്യക്തമാക്കി.

Exit mobile version