ദോഹ: ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയത്തിൽ വീണ്ടും വഴിത്തിരിവ്. ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ഖത്തറിൽ റെസിഡന്റ് വിസയുള്ള, മുഴുവൻ വാക്സിനേറ്റഡ് ആയ മാതാപിതാക്കളോടൊപ്പം വരുന്ന 17 വയസ്സു വരെയുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റീൻ വേണ്ട. ഇന്നലെ വരെ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് മാത്രമായിരുന്നു ക്വാറന്റീൻ ഒഴിവാക്കി നൽകിയിരുന്നത്. 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മാറ്റം. അതേ സമയം, ഇന്ത്യയടക്കമുള്ള റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള ഈ കുട്ടികൾ 10 ദിവസം ഹോം ക്വാറന്റീൻ വഹിക്കണം.
ഇതേ ഇളവുകൾ മുഴുവൻ ഡോസ് വാക്സീൻ സ്വീകരിച്ച ഒരു വീട്ടുകാരനൊപ്പം ഖത്തറിൽ എത്തുന്ന, വാക്സീൻ സ്വീകരിക്കാത്ത 75 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്കും, വാക്സീൻ സ്വീകരിച്ച ഭർത്താവിനൊപ്പമോ ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുവിനൊപ്പമോ ഖത്തറിലെത്തുന്ന വാക്സിൻ സ്വീകരിക്കാത്ത ഗർഭിണികൾക്കും രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ മുലയൂട്ടുന്ന മാതാവിനും ബാധകമാകും.
ഇവരുടെയെല്ലാം ഹോം ക്വാറന്റീൻ സംബദ്ധിച്ചു വ്യവസ്ഥകൾ പാലിക്കുമെന്നു ഇവരെല്ലാം കരാർ ഒപ്പിടണം. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളാണ് ഒപ്പ് വെക്കേണ്ടത്. പുതിയ അപ്‌ഡേറ്റോട് കൂടിയ ട്രാവൽ നയവും ജൂലൈ 12 ന് തന്നെയാണ് പ്രാബല്യത്തിൽ വരിക.
ഖത്തർ അംഗീകൃതമല്ലാത്ത വാക്സീൻ സ്വീകരിച്ചവരോ, വാക്സീൻ രണ്ട് ഡോസ് സ്വീകരിക്കാത്തവരോ (നോൺ-വാക്സിനേറ്റഡ് കാറ്റഗറി) ആയ ഫാമിലി, ടൂറിസ്റ്റ് വിസയിലുള്ളവർക്ക് പുതിയ നയത്തിലും ഖത്തറിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതേ സമയം പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ഇവരിൽ ഒരു വിഭാഗമായ ‘ഖത്തറിന്റെ പ്രത്യേക നിബന്ധനകൾക്ക് വിധേയമായി വാക്സീൻ സ്വീകരിച്ച’വർക്ക്, പ്രവേശനം അനുവദിക്കുന്നുണ്ട്. ഇന്ത്യയടക്കുമുള്ള റെഡ് സോണിൽ നിന്നുള്ള ഈ വിഭാഗത്തിലെ യാത്രക്കാർക്ക് 7 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
Update regarding the policy of testing and quarantine upon arrival in Qatar within the travel and return policy of the State of Qatar https://t.co/hupzDtGw0k
— وزارة الصحة العامة (@MOPHQatar) July 9, 2021