ദോഹ: ഭക്ഷ്യസുരക്ഷാ രംഗത്തെ അന്തർദ്ദേശീയ നിലവാരവും പ്രസക്തമായ ഗൾഫ് മാനദണ്ഡങ്ങളും അനുസൃതമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഭക്ഷ്യ സർവീസുകൾക്കായി ഭക്ഷ്യ സുരക്ഷാ പ്രാക്ടീസ് ഗൈഡ് പുറത്തിറക്കി.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി ആരോഗ്യ വകുപ്പ്, അന്താരാഷ്ട്ര കൺസൾട്ടന്റുമാരുമായി സഹകരിച്ച് തയ്യാറാക്കിയ ഗൈഡ് ഖത്തറിലെ നിയമങ്ങൾ പാലിക്കുന്ന വിധം ഭക്ഷ്യ സേവനങ്ങളെ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഈ മേഖലയിലെ ഏറ്റവും പുതിയതും അന്തർദ്ദേശീയവുമായ നിബന്ധനകൾക്കാനുസൃതമായി ഖത്തറിലെ ഭക്ഷ്യ സേവന ശൃംഖലയുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും എല്ലാ സ്ഥാപനങ്ങളിലും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന നീക്കമാണിത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ച ഗൈഡ്, നിർബന്ധിത നിയമനിർമ്മാണ ആവശ്യകതകൾ, ഭക്ഷ്യ ശുചിത്വം, എച്ച്എസിസിപി (Hazard analysis and critical control points) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു. ഇവ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അവലോകനം ചെയത് വിലയിരുത്തും.
പരിസ്ഥിതി ആരോഗ്യ ഇൻസ്പെക്ടർമാർ അവരുടെ ഔദ്യോഗിക പരിശോധനാ പ്രവർത്തനങ്ങളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദിഷ്ട നടപടികളും ഗൈഡിലുണ്ട്.
ഗൈഡ് 3 പ്രധാന അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ആവശ്യകതകൾ, ഉപകരണങ്ങൾ, അണു നിയന്ത്രണം, ജീവനക്കാർ, ശുചിത്വം, അണുനശീകരണം എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകളെ ക്കുറിച്ചാണ് ആദ്യ അധ്യായം. രണ്ടാമത്തെ അധ്യായത്തിൽ ഭക്ഷണം തയ്യാറാക്കൽ മുതൽ പ്രദർശിപ്പിക്കൽ, പാക്കേജിംഗ്, ഡാറ്റ ഡെവലപ്‌മെന്റ്, സാമ്പിൾ വരെയുള്ള നിയന്ത്രണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്നു. മൂന്നാമത്തെ അധ്യായത്തിൽ ഭക്ഷ്യ സുരക്ഷയാണ് പ്രതിപാദ്യ വിഷയം. ഫുഡ് ട്രേസിംഗ്, റീകാൾ, നിയമലംഘനം, പരാതി പരിഹാരം എന്നിവ ഇതിൽ അടങ്ങുന്നു.
ഭക്ഷ്യശാലകളിലെ ജീവനക്കാർ, മാനേജർമാർ, ഉടമകൾ എന്നിവരുൾപ്പെടെയുള്ളവർക്കായി ഭക്ഷ്യസുരക്ഷാ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉടൻ ഒരു വർക്ക് ഷോപ്പ് സംഘടിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കപെടുന്ന പുതിയ ഗൈഡിനെക്കുറിച്ച് ഭക്ഷ്യ സേവനദാതാക്കളുടെ ഏത് നിർദ്ദേശത്തെയും ഭക്ഷ്യ സുരക്ഷാ, പരിസ്ഥിതി ആരോഗ്യ വകുപ്പ് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ഗൈഡ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.moph.gov.qa ൽ ലഭ്യമാണ്.